ബാലാസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം സംബന്ധിച്ച് വ്യക്തത വരുത്തി ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന. അപകടത്തിൽ 288 മരിച്ചുവെന്നായിരുന്നു ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഔദ്യോ​ഗിക കണക്കുപ്രകാരം 275 ആണ് മരണസംഖ്യയെന്ന് പ്രദീപ് ജെന വ്യക്തമാക്കി. മൃതദേഹങ്ങളിൽ ചിലത് സംഭവസ്ഥലത്തും ആശുപത്രിയിലും രണ്ടുതവണ എണ്ണിയതിനാലാണ് 288 എന്ന കണക്ക് അപ്പോൾ പറ‍ഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ, ജില്ലാ കളക്ടറുടെ വിശദമായ പരിശോധനയ്ക്കും റിപ്പോർട്ടിനും ശേഷമുള്ള കണക്ക് പ്രകാരം 275 പേരാണ് അപകടത്തിൽ മരിച്ചതെന്ന് ജെന പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

275ൽ 78 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് അവരുടെ കുടുംബങ്ങൾക്ക് കൈമാറി. 10 മൃതദേഹങ്ങൾ കൂടി തിരിച്ചറിയാനുള്ള നടപടികൾ പൂർത്തിയായതായും ജെന പറഞ്ഞു. ഇതുവരെ 170 മൃതദേഹങ്ങൾ ബാലസോറിൽ നിന്ന് ഭുവനേശ്വറിലേക്ക് മാറ്റി. 17 എണ്ണം കൂടി ഇവിടേക്ക് മാറ്റും. മൃതദേഹങ്ങൾ കൃത്യമായി തിരിച്ചറിയുക എന്നതാണ് ഇപ്പോൾ അധികൃതർ നേരിടുന്ന വെല്ലുവിളി. ആളുകളെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിൾ നടത്തുകയും മരിച്ചവരുടെ ഫോട്ടോകൾ www.osdma.org, www.srcodisha.nic.in, www.bmc.gov.in എന്നീ മൂന്ന് വെബ്‌സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുമെന്നും ജെന അറിയിച്ചു.


അതേസമയം ഡിഎൻഎ വിരലടയാള നടപടികൾ പുരോഗമിക്കുകയാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ആവശ്യമായ ഉപകരണങ്ങളും രാസവസ്തുക്കളും ഉപയോഗിച്ച് എംബാം ചെയ്യുന്നതിനായി 13 അംഗ കേന്ദ്രസംഘം ഇതിനകം സംസ്ഥാനത്തെത്തിക്കഴിഞ്ഞു.


Also Read: Train Cancelled: ഒഡിഷ ട്രെയിൻ ദുരന്തം; 28 ട്രെയിനുകൾ കൂടി റദ്ദാക്കി, ആകെ റദ്ദാക്കിയത് 85 ട്രെയിനുകൾ


 


അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി നവീൻ പട്നായിക് ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ​അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും സഹായമായി ലഭിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുന്നത്. 


അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഡീഷ സർക്കാരും ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 


ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന്  റെയിൽവേ അറിയിച്ചിരുന്നു. സിഗ്നലിംഗിലെ പിഴവ് കേന്ദ്രീകരിച്ചായിരിക്കും അന്വേഷണമെന്നാണ് റിപ്പോർട്ട്. മെയിൻ ലൈനിലൂടെ പോകാനുള്ള സിഗ്നൽ പിൻവലിച്ചതാണ് ദുരന്തകാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 803 പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ 56 പേരുടെ നില ഗുരുതരമാണ്.  


ഇതിനിടയിൽ റെയിൽവേ മന്ത്രിയുടെ രാജിയാവശ്യപ്പെട്ടുള്ള കടുത്ത നീക്കത്തിലാണ് പ്രതിപക്ഷം. സംഭവത്തിൽ നിസാര പരിക്കേറ്റ ഭൂരിഭാഗം പേരും വീടുകളിലേക്ക് തിരിച്ചെത്തിയതായിട്ടാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ട്രാക്കിൽ നിന്നും അവശിഷ്ടങ്ങൾ നീക്കുന്ന ജോലി ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തിൽ തകർന്ന ട്രാക്കിന്റെ പുനർനിർമാണം നടത്തി വൈകുന്നേരത്തോടെ ഒരു ട്രാക്കിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.


ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവ സ്ഥലം സന്ദർശിക്കുകയും ഉന്നതതല യോഗം ചേരുകയും ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രിയും  കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഉണ്ടായിരുന്നു. ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തി കർശന ശിക്ഷ നൽകുമെന്ന് നരേന്ദ്രമോദി അറിയിച്ചിരുന്നു.


മൂന്ന് ട്രെയിനുകളാണ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു. അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിൽ ബാൽസോറിൽ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.