ഒഡീഷയിലെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ വിവാഹിതയാകുന്നു
സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്ക് പിന്നാലെ വിവാഹിതയാകാനൊരുങ്ങുകയാണ് ഒഡീഷയിലെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ.
ഭുവനേശ്വര്‍: സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്ക്ക് പിന്നാലെ വിവാഹിതയാകാനൊരുങ്ങുകയാണ് ഒഡീഷയിലെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥ.
സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജെന്‍റര്‍ ഗസറ്റഡ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥയായ ഐശ്വര്യ ഋതുപര്‍ണ പ്രതാനാണ് വിവാഹത്തിനൊരുങ്ങുന്നത്. ഒഡീഷയിലെ കന്ധമല്‍ ജില്ലയിലെ കനബഗിരി സ്വദേശിയായ ഐശ്വര്യയെ 2017ലാണ് ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ ഒഡീഷ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് നിയമിച്ചത്.
പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടിയ ഐശ്വര്യ സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് വിജയിച്ചാണ് സര്‍ക്കാര്‍ ജോലി നേടിയത്. ആര്‍മി ഉദ്യോഗസ്ഥനായിരുന്നു ഐശ്വര്യയുടെ പിതാവ്.
''പ്രത്യേക വിവാഹ നിയമം നടപ്പിലാക്കുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍. ഒപ്പം എല്‍ജിബിടിക്യൂ സമൂഹത്തിനായി പുതിയ നിയമവും വരുമെന്ന് പ്രത്യാശിക്കുന്നു. എന്‍റെ പങ്കാളിയ്ക്കൊപ്പമുള്ള നല്ല കുടുംബ ജീവിതം ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഒരു അനാഥ പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്താനാണ് തീരുമാനം '' - ഐശ്വര്യ പറഞ്ഞു.
എന്നാല്‍, തുല്യനീതി ഉറപ്പാക്കുന്നതിനൊപ്പം സ്വവര്‍ഗ വിവാഹത്തിനും സ്വത്ത് കൈമാറ്റത്തിനുള്ള അവകാശത്തിനും കൂടി കോടതി അനുമതി നല്‍കണമെന്നാണ് ഐശ്വര്യയുടെ ആവശ്യം. എല്‍ജിബിടി സമൂഹത്തിനും തങ്ങള്‍ ഇഷ്ടപ്പെടുന്ന ആളെ നിയമപരമായി വിവാഹം ചെയ്യാന്‍ കഴിയുന്നതിന് കോടതി ഇടപെടണമെന്നും ഐശ്വര്യ പറഞ്ഞു.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-മത്തെ വകുപ്പ് മൗലിക അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ നിര്‍ണായക വിധി വന്നതിന് ശേഷമുള്ള ആദ്യ ട്രാന്‍സ്ജെന്‍റര്‍ വിവാഹമാണിത്‍.
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നര്‍ത്തകന്‍ നവ്തേജ് സിംഗ് ജോഹര്‍, മാധ്യമ പ്രവര്‍ത്തകനായ സുനില്‍ മെഹ്‌റ തുടങ്ങിയവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പറഞ്ഞത്.
ജീവിക്കാനുള്ള സ്വാതന്ത്ര്യം പ്രധാനമെന്ന് പറഞ്ഞ സുപ്രീം കോടതി ഭയത്തോടെയല്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും അഭിപ്രായപ്പെട്ടു. കൂടാതെ, വൈവിധ്യത്തിന്‍റെ ശക്തിയെ മാനിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
കൂടാതെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വായിച്ച ആദ്യ വിധിയില്‍ സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍കുറ്റമല്ല എന്ന് തീര്‍ത്തുപറഞ്ഞിരുന്നു. നാല് വിധിന്യായങ്ങളാണ് ഉള്ളത്. എന്നാല്‍ നാലിനും ഒരേ അഭിപ്രായമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
രക്ഷിതാക്കളുടെയും സമൂഹത്തിന്‍റെയും സമ്മര്‍ദ്ദവും അവഗണനയുമാണ് എല്‍ജിബിടി സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശിച്ചിരുന്നു.