ന്യൂഡല്‍ഹി: രാജ്യത്ത് കുതിച്ചുയരുന്ന സവോള വിലയെ തടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുകയാണ്. 200 ടണ്‍ വിദേശ സവോള ഇന്ത്യയിലെത്തി!!


COMMERCIAL BREAK
SCROLL TO CONTINUE READING

കൃഷി മന്ത്രാലയം നല്‍കുന്ന സൂചന അനുസരിച്ച് ഇതിനോടകം 2,500 ടൺ ഉള്ളി ഇന്ത്യൻ തുറമുഖങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അത് ഉടന്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. വിദേശത്തുനിന്നും എത്തിച്ചേര്‍ന്നിരിക്കുന്ന 80 കണ്ടെയ്നറുകളിൽ 70 എണ്ണം ഈജിപ്റ്റില്‍ നിന്നും 10 എണ്ണം നെതർലാൻഡിൽ നിന്നുമാണ്. അതുകൂടാതെ, 3000 ടണ്‍ വിദേശ ഉള്ളി ഇന്ത്യയില്‍ ഉടന്‍ തന്നെ എത്തിച്ചേരുമെന്നാണ് സൂചന.


കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ ഒരു കിലോ സവോളയുടെ വില 50 രൂപയായിരുന്നത് ഈയാഴ്ച 100 രൂപവരെയെത്തിയിരിക്കുകയാണ്. ഈ അവസരത്തിലാണ് സവോള വില പിടിച്ചു നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത്. 
ഉള്ളി ലഭ്യതയിലെ ക്ഷാമവും കുതിച്ചുയരുന്ന ചില്ലറ വിപണിയിലെ കനത്ത വിലയുമാണ്‌ വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 


ഇറാൻ, തുർക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ സവോള ഇറക്കുമതി ചെയ്യുന്നത്.


അതേസമയം, ആഭ്യന്തര വിപണിയിൽ സവോളയുടെ വിലയും ലഭ്യതയും അവലോകനം ചെയ്യുന്നതിനായി കഴിഞ്ഞയാഴ്ച അന്തർ മന്ത്രാലയ സമിതി യോഗ൦ ചേര്‍ന്നിരുന്നു. യോഗ ശേഷമാണ് ഇറക്കുമതി തീരുമാനം കൈക്കൊണ്ടത്. സവോള ഇറക്കുമതി പ്രക്രിയ കൂടുതല്‍ സുഗമമാക്കുമെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് വേഗത്തിൽ ഉള്ളി ലഭ്യത ഉറപ്പാക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും യോഗത്തിന് ശേഷം ഉപഭോക്തൃ കാര്യ മന്ത്രാലയം അറിയിച്ചിരുന്നു.


അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഡല്‍ഹി സര്‍ക്കാരും സവോള വില ജനങ്ങളെ ബാധിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ്. ചില്ലറ വിൽപ്പനയ്ക്കായി മദർ ഡയറി, സഫൽ എന്നിവയ്ക്കും സാധ്യമായ പരമാവധി ഉള്ളി വിതരണം ചെയ്യാൻ സർക്കാർ നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയോട് (നാഫെഡ്) നിർദ്ദേശിച്ചു.


കഴിഞ്ഞ 3 മാസത്തോളമായി സവോള വില ഉയര്‍ന്നു തന്നെയാണ്. ഉള്ളി വില ഉയര്‍ന്നതോടെ പച്ചക്കറി പൂഴ്ത്തിവയ്പ്പുകാർക്ക് ഭാഷ്യവകുപ്പ് മന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, രാജ്യത്ത് സവോള ലഭ്യത നിലനിര്‍ത്താന്‍ കയറ്റുമതി സെപ്റ്റംബര്‍ അവസാന വാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു.


രാജ്യത്തെ ഉള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തവണയുണ്ടായ കനത്ത വെള്ളപ്പൊക്കമാണ് ഈയവസരത്തില്‍ സവോളയ്ക്ക് ക്ഷാമവും ഒപ്പം കനത്ത വിലയുമാവാന്‍ കാരണം.


ഇന്ത്യയില്‍ ഏറ്റവുമധികം സവോള ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയാണ് മുന്‍പന്തിയില്‍.