`പത്മാവതി` റിലീസ് അടുത്ത വര്‍ഷം
പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസ് അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടി. മുന്‍പ് ഡിസംബർ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിയുടെ റിലീസ് അടുത്ത വര്‍ഷത്തേയ്ക്ക് നീട്ടി. മുന്‍പ് ഡിസംബർ ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
എന്നാല്‍ വിവാദങ്ങളില്‍ മുങ്ങിയ ഈ ചിത്രം സിബിഎഫ്സി അംഗങ്ങള്‍ പോലും വീക്ഷിച്ചിട്ടില്ല. അതിനാല്‍ സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് കൂടുതല്‍ സമയം എടുത്തേക്കാം. അതിനാള്‍ അടുത്ത വർഷം മാത്രമേ ചിത്രം റിലീസിന് തയ്യാറാകൂ. മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിന്‍റെ പ്രമോഷനും തത്കാലം നിർത്തിവച്ചിരിക്കുകയാണ്.
സെൻസർബോർഡിന്‍റെ തീരുമാനം അറിഞ്ഞതിനു ശേഷം മാത്രമേ റിലീസ് സംബന്ധിച്ച് തീരുമാനമുണ്ടാവുകയുള്ളൂ.
സിബിഎഫ്സി മേധാവി പ്രസൂൺ ജോഷി ചിത്രത്തെക്കുറിച്ച് സമയോചിതമായ തീരുമാനമെടുക്കാൻ ബോർഡിന് മതിയായ സമയം നൽകണമെന്ന് അഭിപ്രയപ്പെട്ടിട്ടുണ്ട്. കൂടാതെ സിബിഎഫ്സിയ്ക്ക് ഒരു ചിത്രത്തിന്‍റെ സർട്ടിഫിക്കേഷന് 68 ദിവസമാണ് പരമാവധി സമയം അനുവദിച്ചിട്ടുള്ളത്. സാധാരണ സർട്ടിഫിക്കേഷന്‍ ഒരു മാസത്തിനുള്ളിൽ നല്‍കാറുണ്ട്. പക്ഷെ, പത്മാവതി പോലൊരു ചിത്രത്തിന്‍റെ കാര്യത്തില്‍ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു.
ഈ ചിത്രത്തിനെതിരെ ജനരോക്ഷം പോട്ടിപ്പുറപ്പെട്ടപ്പോള്‍, ജനവികാരം കണക്കിലെടുത്ത് റിലീസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ സർക്കാരും യുപി സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. അതുകൂടാതെ രാജ്പൂത് കർണിസേനയടക്കം വിവിധ സംഘടനകളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രം റിലീസിനെത്തുന്ന ഡിസംബർ ഒന്നിന് ബന്ദ് നടത്തുമെന്നും കർണിസേന അറിയിച്ചിരുന്നു.
കൂടാതെ ഹരിയാന ബി.ജെ.പി നേതാവ് സുരാജ് പാല്‍ അമു വിവാദ പ്രസ്താവനയുമായി രംഗത്തെത്തി. സഞ്ജയ് ലീല ബൻസാലിയുടെയും മുഖ്യ അഭിനേത്രി ദീപിക പദുക്കോണിന്‍റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പ്രസ്താവന നടത്തി.
അതുകൂടാതെ ബൻസാലിയുടെയും മുഖ്യ അഭിനേത്രി ദീപികയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി പാരിതോഷികം പ്രഖ്യാപിച്ച മീററ്റിലെ യുവാക്കളെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം. സുരാജ് പാല്‍ തലയറുക്കുന്നവരുടെ കുടുംബങ്ങളെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് കൂടി വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ക്കെതിരെയും അദ്ദേഹം ഭീഷണി മുഴക്കിയിരുന്നു.
ചിറ്റോട് റാണിയായ പത്മിനിയുടെ മറ്റൊരു പേരാണ് റാണി പത്മാവതി. റാണി പത്മിനി അതീവ സുന്ദരിയായിരുന്നു എന്നും അവരുടെ സൗന്ദര്യമാണ് റാവൽ രത്തൻ സിംഗിനെ അവരിലേയ്ക്ക് ആകര്‍ഷിച്ചതെന്നും ചരിത്രം പറയുന്നു.
1303ൽ ഡൽഹി സുൽത്താൻ അലാവുദ്ദീൻ ഖിൽജി മേവാഡ് ആക്രമിക്കുകയും ഭരണാധികാരി റാവൽ രത്തൻ സിംഗിന്‍റെ ആസ്ഥാനമായിരുന്ന ചിറ്റോട് കോട്ട വളയുകയും ചെയ്തു. ശത്രുക്കളാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ റാണി പത്മിനിയടക്കം കൊട്ടാരത്തിലെ സ്ത്രീകള്‍ ഒന്നടങ്കം തീയില്‍ ചാടി മരിക്കുകയും പുരുഷന്മാര്‍ വീരമൃത്യു വരിക്കുകയും ചെയ്തു.
രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് ഈ സമുദായക്കാരുടെ പരാതി. രാജകുടുംബത്തിലെ അംഗമായ ഹീന സിംഗിന്‍റെ അഭിപ്രായത്തില്‍, ചരിത്രവുമായി ബന്ധപ്പെട്ട സിനിമ ആയതിനാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പ്രതിപാദിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കണം. കൂടാതെ ഒരു രാജ്പൂത് മഹാറാണിമാര്‍ ആരുടേയും മുന്‍പില്‍ നൃത്തം ചെയ്തിട്ടില്ല. ഇതിലൂടെ ദീപിക നൃത്തം ചെയ്യുന്ന പാട്ട് ആണ് അവര്‍ ഉദ്ദേശിച്ചത്.
പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു. റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു.
ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.