പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്‍റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍  ഗോവ നിയമസഭയുടെ ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15നാണ് പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന പരീക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വിദഗ്ദ പരിചരണ വിഭാഗത്തിലാണ് പരീക്കര്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ആശുപത്രിയിലെത്തി പരീക്കറെ സന്ദര്‍ശിച്ചിരുന്നു. ആവശ്യമെങ്കില്‍ പരീക്കറെ വിദഗ്ദ ചികിത്സക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. 


ഒരു മാസം നീളുന്ന ബജറ്റ് സമ്മേളനമാണ് നാല് ദിവസമായി ഇപ്പോള്‍ വെട്ടിച്ചുരുക്കിയിരിക്കുന്നത്. ധനവകുപ്പ്, പൊതുഭരണം, ആഭ്യന്തരം,വിജിലന്‍സ് എന്നീ സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് പരീക്കറായിരുന്നു. അദ്ദേഹത്തിന്‍റെ അഭാവത്തില്‍ അഞ്ച് മാസത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.