ന്യൂഡല്‍ഹി: ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മാധ്യമ പ്രവര്‍ത്തകനുമായ എം.ജെ അക്ബറിനെതിരെ ബിജെപിയിൽ അതൃപ്തി ഏറുന്നു. എം.ജെ അക്ബർ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നുതന്നെ പാര്‍ട്ടിയിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടതായാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

അക്ബര്‍ പാര്‍ട്ടിയിലും മന്ത്രിസ്ഥാനത്തും തുടരുന്നത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് ദോഷം ചെയ്യുമെന്നും നേതാക്കള്‍ വിലയിരുത്തി. 
അതേസമയം, പ്രത്യക്ഷമായി മേനകഗാന്ധി ഒഴികെ മറ്റൊരു വനിതാ നേതാവും എം.ജെ അക്ബറിനെതിരെ സംസാരിച്ചിട്ടില്ല. 


അതേസമയം, വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ മന്ത്രിയില്‍നിന്നും വിശദീകരണം തേടാന്‍ നിര്‍ബ്ബന്ധിതമായിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിദേശ സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങാൻ അക്ബറിന് നിർദ്ദേശം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. . അക്ബറിന്‍റെ വിശദീകരണം കേട്ട ശേഷം തുടർ നടപടികള്‍ തീരുമാനിക്കുമെന്നും പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. 


എന്നാല്‍, പ്രിയ രമണിയ്ക്കുപിന്നലെ നിരവധി മാധ്യമ പ്രവര്‍ത്തകരാണ് എം.ജെ അക്ബറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവർത്തക ഗസാല വഹാബ് രംഗത്തെത്തിയിട്ടുണ്ട്. 


ഡല്‍ഹിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് അവര്‍ പറയുന്നത്. വഴങ്ങാത്തപ്പോൾ ജ്യോതിഷ പംക്തി കൈകാര്യം ചെയ്ത സ്ത്രീയെ അയച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. പുസ്കങ്ങൾ വായിച്ച് ബിംബമായി കരുതിയിരുന്ന വ്യക്തിയിൽ നിന്നാണ് ഈ അനുഭവം ഉണ്ടായത്. ഒടുവിൽ രാജികത്ത് എം ജെ അക്ബറിന്‍റെ സെക്രട്ടറിയെ ഏൽപിച്ച് അവിടെ നിന്ന് കടന്നു എന്നും ഗസാല വഹാബ് പറയുന്നു. അക്ബറിൽ നിന്ന് ദുരനുഭവം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഏഴാമത്തെ മാധ്യമപ്രവർത്തകയാണ് ഗസാല.