ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിനെ ഇനി അധികനാള്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാനാകില്ല. നിലവില്‍ മേല്‍വിലാസം നല്‍കിയിരിക്കുന്ന പാസ്‌പോര്‍ട്ടിലെ അവസാന പേജ് എടുത്ത് മാറ്റാനുള്ള നിര്‍ദ്ദേശം വിദേശകാര്യമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത ശ്രേണി മുതല്‍ മാറ്റങ്ങളുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അവസാന പേജ് ശൂന്യമായി നിലനിര്‍ത്താനുള്ള തീരുമാനം വിവരങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താനാണെന്നും അണ്ടര്‍ സെക്രട്ടറി സുരേന്ദ്ര കുമാര്‍ വ്യക്തമാക്കി. നിലവില്‍ പാസ്‌പോര്‍ട്ടിന്‍റെ ആദ്യ പേജില്‍ ഉടമസ്ഥന്‍റെ ഫോട്ടോയും മറ്റ് വിവരങ്ങളും അവസാന പേജില്‍ മേല്‍വിലാസവുമാണ് നല്‍കിയിരിക്കുന്നത്. അവസാന പേജിലെ വിവരങ്ങള്‍ ഒഴിവാക്കുന്നത് പാസ്പോര്‍ട്ട് ഉടമയെ ബാധിക്കില്ല. 


2012 മുതലുള്ള എല്ലാ പാസ്‌പോര്‍ട്ടിനും ബാര്‍കോഡുകളുണ്ട്. ഇത് സ്‌കാന്‍ ചെയ്യുന്നത് വഴി ഉടമയുടെ വിവരങ്ങള്‍ ലഭ്യമാകും. അതേസമയം അടുത്ത ശ്രേണിയില്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് മാറ്റമുണ്ടാകുമെങ്കിലും നിലവില്‍ പാസ്‌പോര്‍ട്ട് എടുത്തവര്‍ക്ക് കാലാവധി കഴിയുന്നത് വരെ ഇതേ രീതി തുടരാം. പാസ്‌പോര്‍ട്ടിന്‍റെ കളറിലും മാറ്റങ്ങള്‍ വരുത്താന്‍ വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നുണ്ട്. നിലവില്‍ സര്‍ക്കാര്‍ അധികൃതര്‍ക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തേണ്ടവര്‍ക്കും വെള്ള നിറവും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ചുവപ്പും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്കും(ECR)എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവര്‍ക്കും (ECNR) നീലയുമാണ്.  ഇതില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള വിഭാഗങ്ങളുടെ പാസ്‌പോര്‍ട്ട് ഓറഞ്ച് നിറത്തിലാക്കാനാണ് തീരുമാനമെന്നും എമിഗ്രേഷന്‍ പ്രൊസസ് എളുപ്പമാക്കാന്‍ സഹായിക്കുമെന്നും സുരേന്ദ്ര കുമാര്‍ പറഞ്ഞു.