Pawan Kalyan Custody: പ്രവേശനം തടഞ്ഞു, പിന്നാലെ റോഡിൽ കിടന്ന് പ്രതിഷേധം; പവൻ കല്യാൺ കസ്റ്റഡിയിൽ
വാഹനത്തിൽ നിന്നിറങ്ങി നടക്കാൻ തീരുമാനിച്ചതും പോലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഹൈദരാബാദ്: ആന്ധ്രാപ്രദേശ്-തെലങ്കാന അതിർത്തിയിൽ ദേശീയപാതയിൽ കിടന്ന് പ്രതിഷേധിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാൺ കസ്റ്റഡിയിൽ. ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി വിജയവാഡയിലേക്ക് വരികയായിരുന്ന പവൻ കല്യാണിന്റെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നിറങ്ങി നടക്കാൻ തീരുമാനിച്ചതും പോലീസ് തടഞ്ഞതോടെ പവൻ കല്യാൺ റോഡിൽ നിലത്ത് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെയാണ് പോലീസ് പവൻ കല്യാണിനെയും മറ്റ് ജനസേനാ നേതാക്കളെയും കസ്റ്റഡിയിൽ എടുത്തത്.
ജനാധിപത്യത്തിൽ നിർഭാഗ്യകരമായ സംഭവമാണിതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെ കുറിച്ച് പവൻ കല്യാൺ പറഞ്ഞത്. മുൻ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത രീതി സങ്കടകരമാണ്. ഒരു നേതാവിന്റെ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ അധികാരികളും ഭരണകക്ഷിയും അറസ്റ്റുചെയ്യുന്ന രീതിയെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
Also Read: Chandrababu Naidu Arrested: അഴിമതി കേസ്: ആന്ധ്ര മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റിൽ
ഇന്നലെ, സെപ്റ്റംബർ 9നാണ് ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു അറസ്റ്റിലായത്. ആന്ധ്രയിലെ നന്ത്യാലിൽ നിന്നും ആന്ധ്ര പോലീസിന്റെ സിഐഡി വിഭാഗമാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്.
ടിഡിപിയുടെ യുട്യൂബ് ചാനലിന്റെ സംപ്രേക്ഷണവും പോലീസ് തടഞ്ഞതായിട്ടാണ് റിപ്പോർട്ട്. നന്ത്യാൽ ഡിഐജിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് പുലർച്ചെ മൂന്നു മണിയോടെ നായിഡുവിനെ കാണാനെത്തുകയും, തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ടിഡിപി പ്രവർത്തകർ കനത്ത പ്രതിഷേധം ഉയർത്തിയെങ്കിലും പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പൊതുപണം കൊള്ളയടിച്ച ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആന്ധ്രാ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി മെരുഗ നാഗാർജുന രംഗത്തെത്തി മണിക്കൂറുകൾക്കകമായിരുന്നു ഈ അറസ്റ്റ്. പത്ത് വർഷക്കാലം ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു 73 കാരനായ ചന്ദ്രബാബു നായിഡു. സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ അഴിമതി നടന്നതാണ് കേസ്. ഈ കേസിലെ ഒന്നാം പ്രതിയാണ് ചന്ദ്രബാബു നായിഡു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...