ന്യൂഡല്‍ഹി: ടോൾ സംവിധാനം ഒരിക്കലും അവസാനിക്കില്ല, നല്ല റോഡുകൾ വേണമെങ്കിൽ നിങ്ങൾ പണം അടയ്ക്കണം, പക്ഷേ ടോളായി അടയ്ക്കേണ്ട തുകയിൽ മാറ്റം വരാം, പറയുന്നത് മറ്റാരുമല്ല കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി തന്നെ.


COMMERCIAL BREAK
SCROLL TO CONTINUE READING

നല്ല റോഡുകളില്‍ യാത്ര ചെയ്ത് സമയം ലാഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ടോള്‍ നല്‍കാന്‍ ആളുകള്‍ തയാറാകണമെന്ന് നിതിന്‍ ഗഡ്കരി ലോക്സഭയില്‍ പറഞ്ഞു. നിരക്കുകള്‍ കാലാകാലങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും ടോള്‍ സമ്പ്രദായം ഒരിക്കലും അവസാനിപ്പിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങള്‍ക്ക് നല്ല സേവനങ്ങള്‍ വേണമെങ്കില്‍, നിങ്ങള്‍ പണം നല്‍കണം. വടക്കുകിഴക്കന്‍ പ്രദേശങ്ങളായ മലയോര മേഖലകളില്‍ എല്ലാ കാലാവസ്ഥാ റോഡുകളും നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് മുന്‍ഗണന നല്‍കിയതായി അദ്ദേഹം പറഞ്ഞു. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന് കീഴിലുള്ള ധനസഹായം ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു ഗഡ്കരി.


രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ടോളുകൾ പിരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും റോഡുകൾ പണിയുന്നതിന് വേണ്ടിയാണ് ടോൾ ഈടാക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.


റോഡ് നിർമാണത്തിന് പ്രധാന പ്രശ്നം ഭൂമി ഏറ്റെടുക്കൽ നടപടിയാണ്. അതേസമയം, ഭൂമി ഏറ്റെടുക്കൽ നടപടി വെസ്റ്റ് ബംഗാളിലും ബീഹാറിലും മെല്ലെയാണ് മുന്നോട്ട് പോകുന്നതെന്നും ഗഡ്കരി പറഞ്ഞു.