ന്യൂഡല്‍ഹി: ലോകകപ്പ്‌ ആവേശത്തില്‍ ബിജെപി നേതാക്കള്‍ ഉദ്യോഗസ്ഥന്മാരെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സന്ദര്‍ഭത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുടെ മകനും മധ്യപ്രദേശ് ബിജെപി എംഎല്‍എയുമായ ആകാശ് വിജയ് വര്‍ഗിയ നഗരസഭാ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദ്ദിച്ച സംഭവമാണ് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചത്.


ആരുടെ മകനാണ് അയാള്‍ എന്നതൊന്നും തന്നെ സംബന്ധിച്ച്‌ വിഷയല്ല, ഇത്തരത്തില്‍ പെരുമാറുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിച്ചിരിക്കുമെന്നായിരുന്നു മോദിയുടെ പ്രതികരണം. ഡല്‍ഹിയില്‍ ബിജെപി പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റി൦ഗില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ആകാശ് വിജയ് വര്‍ഗിയയുടെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി മോദി രംഗത്തെത്തിയത്.


'ഇത്തരത്തിലുള്ള പെരുമാറ്റം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാരെ പിന്തുണക്കുന്നവരെയടക്കം പുറത്താക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്. നഗരസഭാ ഉദ്യോഗസ്ഥനെ ബാറ്റ് കൊണ്ട് അടിച്ചത് ഏത് നേതാവിന്‍റെ മകനായാലും തന്നെ സംബന്ധിച്ച്‌ അത് വിഷയമല്ല. ഇത്തരം നടപടി തുടരുന്നവര്‍ ഇനി പാര്‍ട്ടിയിലുണ്ടാവില്ല. ഒരിക്കലും യോജിക്കാനാവാത്ത, അംഗീകരിക്കാനാവാത്ത നടപടി തന്നെയാണ് ഇത്', മോദി പറഞ്ഞു.


ഒപ്പം, ആകാശ് വിജയ് വര്‍ഗിയ ജാമ്യത്തില്‍ പുറത്തിറങ്ങിയപ്പോള്‍ വെടിയുതിര്‍ത്ത് ആഘോഷിച്ച പ്രവര്‍ത്തകരുടെ നടപടിയേയും മോദി യോഗത്തില്‍ വിമര്‍ശിച്ചു. ഇത്തരം സ്വീകരണം നല്‍കുന്നവര്‍ പാര്‍ട്ടിയില്‍ തുടരാമെന്ന് കരുതേണ്ട എന്നായിരുന്നു മോദി പറഞ്ഞത്.


കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ധീരതയെ പ്രശംസിച്ചുകൊണ്ട് അനുയായികള്‍ മുദ്രാവാക്യം വിളിക്കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്യുന്ന വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ആകാശിന് ഭോപ്പാല്‍ സ്പെഷ്യല്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 


പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും, അത് ആരായിരുന്നാലും ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കില്ലെന്നാണ് യോഗത്തില്‍ മോദി പറഞ്ഞതെന്ന് ബിജെപി എം.പി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.


അതേസമയം, നഗരസഭയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മര്‍ദിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ചെയത പ്രവര്‍ത്തിയില്‍ ക്ഷമാപണം നടത്തില്ലെന്ന് ആകാശ് വിജയ് വര്‍ഗിയ പ്രതികരിച്ചിരുന്നു. മുനിസിപ്പാലിറ്റി ഉദ്യോസ്ഥനെ ആക്രമിച്ചത് മോശമാണെന്ന് കരുതുന്നില്ലെന്നും ഒരിക്കല്‍ക്കൂടി ബാറ്റെടുക്കാന്‍ അവസരമുണ്ടാകരുതെന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നുമായിരുന്നു വിജയ് വര്‍ഗിയ പറഞ്ഞത്.


കയ്യേറ്റം ഒഴിപ്പിക്കുന്നതിനെതിരെ ആകാശ് വിജയ് വര്‍ഗിയ സമരം സംഘടിപ്പിച്ചിരുന്നു. അഞ്ച് മിനിറ്റിനുള്ളില്‍ നിങ്ങള്‍ ഇവിടെ നിന്ന് പോയില്ലെങ്കില്‍ അതിന് ശേഷം സംഭവിക്കുന്ന എന്തിനും നിങ്ങള്‍ ഉത്തരവാദിയായിരിക്കുമെന്ന് പറഞ്ഞ ശേഷമായിരുന്നു എംഎല്‍എ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥനെ തല്ലിയത്. എംഎല്‍എയുടെ സഹായികളും ഉദ്യോഗസ്ഥനെ ആക്രമിച്ചിരുന്നു. 


ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം റിപ്പോര്‍ട്ട് തേടിയിരുന്നു.