വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം; രണ്ട് പേര് അറസ്റ്റില്‍
വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ പെരിയോര്‍ പ്രതിമയാണ് നശിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതിമയുടെ മൂക്കും കണ്ണടയും അക്രമികള്‍ തകര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ അറസ്റ്റിലായി. ഒരാള്‍ ബിജെപിക്കാരനും മറ്റെയാള്‍ സിപിഐക്കാരനുമാണ്. രണ്ടുപേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ത്രിപുരയില്‍ ലെനിന്‍റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്ന് ബിജെപി നേതാവായ എച്ച്.രാജ തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് എച്ച്.രാജയുടെ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ആരാണ് ലെനിന്‍? എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം? എന്താണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം? ഇന്ന് ത്രിപുരയില്‍ ലെനിന്‍റെ പ്രതിമയാണ് തകര്‍ത്തത് എങ്കില്‍ നാളെ തമിഴ്‌നാട്ടില്‍ പെരിയാറിന്റേതായിരിക്കും തകര്‍ക്കുക’ എന്നായിരുന്നു രാജയുടെ പോസ്റ്റ്. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. ഇതിനുമറുപടിയായി രാജ പറഞ്ഞത് സോഷ്യല്‍മീഡിയയിലെ തന്‍റെ പേജ് പലരും ചേര്‍ന്നാണു നിയന്ത്രിക്കുന്നതെന്നായിരുന്നു .
അതേസമയം, പെരിയാറുടെ പ്രതിമ തൊടാന്‍ പോലും ആരെയും അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. അക്രമത്തിനു പ്രേരിപ്പിക്കുന്നതാണു രാജയുടെ ആഹ്വാനം. ഗുണ്ടാനിയമം ചുമത്തി രാജയെ അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു.
ഈ സംഭവത്തെ തുടര്‍ന്ന് കോയമ്പത്തൂരിലെ പെരിയാര്‍ പ്രതിമയ്ക്ക് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രാഹ്മണ്യത്തിനെതിരെയും അനാചരങ്ങള്‍ക്കെതിരെയും ശക്തമായി പോരാടിയ സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ വന്‍ വിമര്‍ശനങ്ങളാണ് ഇ.വി.രാമസ്വാമിക്കെതിരെ ഹിന്ദു സംഘടനകള്‍ അഴിച്ചുവിട്ടിരുന്നത്. പെരിയാര്‍ എന്ന വിളിപ്പേരില്‍ പ്രശസ്തനായ ഈറോഡ് വെങ്കട രാമസാമി രൂപീകരിച്ചതാണു ദ്രാവിഡര്‍ കഴകം. തമിഴകത്തു ദ്രാവിഡ നയങ്ങള്‍ക്കും അതിലൂന്നിയ രാഷ്ട്രീയത്തിനും തുടക്കം കുറിക്കുന്നത് ഈ പ്രസ്ഥാനത്തിലൂടെയാണ്.