കോയമ്പത്തൂർ: കോയമ്പത്തൂരിലെ ബിജെപി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ കേസില്‍ ഒരാള്‍ കീഴടങ്ങി. തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകനായ ബാലു ആണ് കീഴടങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി ഓഫീസിന് നേരെ ബുധനാഴ്ച പുലർച്ചെയാണ് പെട്രോള്‍ ബോംബ്‌ എറിഞ്ഞത്. റോഡിലൂടെ ഓടിയെത്തിയ അക്രമികൾ മൂന്ന് പെട്രോൾ ബോംബുകൾ എറിഞ്ഞാണ് ആക്രമണം നടത്തിയത്.  


ത്രിപുരയിൽ ലെനിൻ പ്രതിമ തകർത്തതിന് പിന്നാലെ തമിഴ്നാട്ടിലെ സാമൂഹിക പരിഷ്കർത്താവായ ഇവി രാമസ്വാമി നായ്ക്കറുടെ(പെരിയാർ) പ്രതിമ തകർക്കാനും ആഹ്വാനമുണ്ടായിരുന്നു. ബിജെപി നേതാവ് എച്ച് രാജയാണ് പെരിയാറിന്‍റെ പ്രതിമയും തകർക്കണമെന്ന് ആഹ്വാനം ചെയ്തത്. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം രാത്രി പെരിയാറിന്‍റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത്.


ബിജെപി ഓഫീസിന് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. അതേസമയം, ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും ബിജെപി പുറത്തുവിട്ടിട്ടുണ്ട്.


വെല്ലൂരിൽ പെരിയാർ പ്രതിമ തകർത്തതിന് മറുപടിയായാണ് കോയമ്പത്തൂരിൽ ബിജെപി ഓഫീസിന് നേരെ ആക്രമണമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.