കരുണാനിധിയ്ക്ക് അന്തോമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി
അന്തരിച്ച ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയ്ക്ക് അന്തോമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ന്യൂഡല്‍ഹി: അന്തരിച്ച ഡിഎംകെ അദ്ധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയ്ക്ക് അന്തോമോപചാരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ന് രാവിലെ പത്തരയോടെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി ചെന്നൈയില്‍ എത്തിച്ചേര്‍ന്നത്. അവിടെനിന്നും അദ്ദേഹം കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളില്‍ എത്തിയാണ് അന്തോമോപചാരം അര്‍പ്പിച്ചത്.
മുന്‍പ്, കരുണാനിധിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു.
ശക്തനായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായിരിക്കുന്നത് എന്ന് അദ്ദേഹം തന്‍റെ ട്വീറ്ററില്‍ കുറിച്ചിരുന്നു.
കരുണാനിധിയെ അവസാനമായി ഒരു നോക്കു കാണുവാന്‍ രാജാജി ഹാളിന് മുന്നിലേക്കു വന്‍ ജനപ്രവാഹമാണ്. മകള്‍ കനിമൊഴിയുടെ വസതിയില്‍നിന്നും കലൈജ്ഞരുടെ ഭൗതികദേഹം രാജാജി ഹാളില്‍ പുലര്‍ച്ചെ 5.30 നായിരുന്നു എത്തിച്ചത്.
അതേസമയം, അന്ത്യവിശ്രമസ്ഥലവുമായി ബന്ധപ്പെട്ട വാദങ്ങള്‍ക്ക് വിരാമമായി. മറീന ബീച്ചില്‍ തന്നെയാണ് കരുണാനിധിയ്ക്കും അന്ത്യവിശ്രമമൊരുങ്ങുക.