ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തിൽ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തും
ന്യൂയോര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തുന്നത്.
ന്യുഡൽഹി: ഐക്യരാഷ്ട്ര സഭയുടെ 75-ാം സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യ പ്രഭാഷണം നടത്തും. നോർവെ പ്രധാനമന്ത്രിക്കും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിനും ഒപ്പം സമാപന സമ്മേളനത്തിലാണ് പ്രധാനമന്ത്രി മോദി സംസാരിക്കുന്നത്.
ന്യൂയോര്‍ക്കില്‍ നടക്കുന്ന സമ്മേളനത്തില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തുന്നത്. ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതു യോഗത്തില്‍ സംസാരിക്കാനുള്ള അവസരം ലഭിക്കുന്നത്.
Also read: viral video: മഴ നനഞ്ഞ് ആസ്വദിച്ച് ക്രിക്കറ്റ് ഇതിഹാസം..!
ജൂണ്‍ 17നായിരുന്നു എല്ലാവരുടേയും പിന്തുണയോടെ ഇന്ത്യ 15 അംഗ സുരക്ഷാ സമിതിയില്‍ വീണ്ടും അംഗമാകുന്നത്. ഇന്ത്യയ്ക്ക് 2021-22 കാലഘട്ടത്തിലേക്കാണ് സുരക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചിരിക്കുന്നത്.
192ല്‍ 184 പേരും ഇന്ത്യയുടെ അംഗത്വം അംഗീകരിച്ചു വോട്ട് ചെയ്തിരുന്നു. ഇത് എട്ടാമത്തെ തവണയാണ് ഏഷ്യന്‍ മേഖലയിലെ ഏകരാജ്യം എന്ന നിലയില്‍ ഇന്ത്യ സുപ്രധാന സമിതിയില്‍ വരുന്നത്.