ന്യൂഡല്‍ഹി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്‍വന്‍ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന്‍ പ്രധാനമന്ത്രി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. യേശുദാസിന്‍റെ മധുരമുള്ള സംഗീതം എല്ലാ പ്രായപരിധിയില്‍ ഉള്ളവര്‍ക്കും പ്രിയങ്കരമാണെന്ന്‍ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 


ഇന്ത്യന്‍ സംസ്‌കാരത്തിന് അദ്ദേഹം വിലപ്പെട്ട സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹത്തിന് ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. 


 



 


ഒന്‍പതാം വയസ്സിലാണ് യേശുദാസ്‌ സംഗീതം തുടങ്ങിയത് അത് ഇപ്പോഴും തുടരുകയാണ്. എത്ര കേട്ടാലും മതിവരാത്ത ശബ്ദമാണ് ദാസേട്ടന്‍റെത് എന്ന കാര്യത്തില്‍ സംശയമില്ല.   


എല്ലാ ജന്മദിനത്തിലുമെന്ന പോലെ ഇക്കുറിയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹം തന്‍റെ ജന്മദിനം ആഘോഷിക്കുന്നത്.


1940 ജനുവരി 10 ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്‍റെയും എലിസബത്തിന്‍റെയും അഞ്ച് മക്കളില്‍ മൂത്തവനായി യേശുദാസ് ജനിച്ചു. അച്ഛനായിരുന്നു ആദ്യ ഗുരു. ശേഷം 1949 ല്‍ ആദ്യ കച്ചേരി നടത്തി. പഠിക്കുന്ന സമയത്ത് സ്കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയിരുന്നു. 


തിരുവനന്തപുരം മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു യേശുദാസിന്‍റെ സംഗീത പഠനം. ശേഷം വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥന്‍ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയം സംഗീതം അഭ്യസിച്ചു.