തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ൦: പ്രണബ് മുഖര്‍ജി
തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന ഭൂരിപക്ഷം, ഭൂരിപക്ഷഹിതം നടപ്പാക്കാനുള്ള അവകാശമല്ല എന്ന് അഭിപ്രായപ്പെട്ട് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന ഭൂരിപക്ഷം, ഭൂരിപക്ഷഹിതം നടപ്പാക്കാനുള്ള അവകാശമല്ല എന്ന് അഭിപ്രായപ്പെട്ട് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശമാണ് നല്‍കുന്നത്. അല്ലാതെ ഭൂരിപക്ഷഹിതം നടപ്പാക്കാനുള്ള അവകാശമല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയും സന്ദേശവും അതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ ഫൗണ്ടേഷന് നടത്തിയ രണ്ടാമത് വാജ്പേയ് സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1952 മുതല്‍ വിവിധ പാര്‍ട്ടികള്‍ക്ക് വലിയ ഭൂരിപക്ഷം ജനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആര്‍ക്കും 50% ല്‍ അധികം വോട്ട് വിഹിതം നല്‍കിയിട്ടില്ലെന്നും പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി.
അനിശ്ചിതകാലത്തേക്ക് ഇന്ത്യയും ഇന്ത്യക്കാരും വര്‍ഗീയതയും വിഭജനവും അംഗീകരിക്കില്ല. 12,69,219 ച. മൈല്‍ ഉള്ള രാജ്യമാണ് നമ്മുടേത്, ഇവിടെ 7 പ്രധാനമതങ്ങളും അവരുടെ ദൈനംദിന ജീവിതത്തില്‍ 122 ഭാഷകളും 1,600 ദേശഭാഷകളും സംസാരിക്കുകയും ചെയ്യുന്നു.
ഇതിനെയെല്ലാം ഭരണഘടന പ്രതിധാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. വാജ്പേയ് ഈ യാഥാര്‍ഥ്യം അംഗീകരിച്ചിരുന്നു. തന്റെ പ്രത്യയശാസ്ത്രപരമായ ചായ്വുകളോട് പലരും വിയോജിച്ചിരുന്നെങ്കിലും അദ്ദേഹം എല്ലാവരേയും ഒപ്പം കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നതായും പ്രണബ് പറഞ്ഞു.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രണബ് മുഖര്‍ജിയുടെ പ്രതികരണം.