New Parliament building: ചരിത്രം ആവർത്തിക്കും; പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിക്കും
Sengol to be installed in new Parliament: ഞായറാഴ്ചയാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുക.
ന്യൂഡൽഹി: ഞായറാഴ്ച പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുമ്പോൾ ചരിത്രം ആവർത്തിക്കും. അന്നേ ദിവസം, പ്രധാനമന്ത്രി നരേന്ദ്ര മോദി, നീതിയുക്തവും നിഷ്പക്ഷവുമായ ഭരണത്തിന്റെ വിശുദ്ധ ചിഹ്നമായ ചെങ്കോൽ സ്വീകരിച്ച് പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു ഓഗസ്റ്റ് 14ന് രാത്രി അദ്ദേഹത്തിന്റെ വസതിയിൽ നിരവധി നേതാക്കളുടെ സാന്നിധ്യത്തിൽ സ്വീകരിച്ച അതേ ചെങ്കോലാണിത്.
“സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും, പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് ചെങ്കോൽ കൈമാറിയതിലൂടെ ഇന്ത്യയുടെ അധികാരക്കൈമാറ്റം നടന്ന ഈ സംഭവത്തെക്കുറിച്ച് ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തിനും അറിയില്ല. 1947 ഓഗസ്റ്റ് 14ന് രാത്രി ഇന്ത്യയുടെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന സവിശേഷ അവസരമായിരുന്നു അത്. അന്നേദിവസം രാത്രി ജവഹർലാൽ നെഹ്രു തമിഴ്‌നാട്ടിലെ തിരുവാടുതുറൈ അധീനത്തിൽ (മഠം) നിന്ന് ചടങ്ങിനായി പ്രത്യേകം എത്തിയ അധീനമാരിൽ നിന്ന് (പുരോഹിതർ) 'ചെങ്കോൽ' സ്വീകരിച്ചു. ബ്രിട്ടീഷുകാർ ഇന്ത്യക്കാരുടെ കൈകളിലേക്ക് അധികാരം കൈമാറിയ നിമിഷമായിരുന്നു അത്. നാം സ്വാതന്ത്ര്യമായി ആഘോഷിക്കുന്നത് യഥാർഥത്തിൽ അടയാളപ്പെടുത്തുന്നത് 'ചെങ്കോൽ' കൈമാറുന്ന നിമിഷമാണ്.” കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
"അഗാധമായ അർഥമുള്ള പദമാണ് ചെങ്കോൽ. നീതി എന്നർഥം വരുന്ന 'സെമ്മൈ' എന്ന തമിഴ് പദത്തിൽ നിന്നാണ് അതുരുത്തിരിഞ്ഞത്. തമിഴ്‌നാട്ടിലെ പ്രമുഖ ധർമമഠത്തിലെ പ്രധാന പുരോഹിതരാണ് ഇതിന് അനുഗ്രഹമേകുന്നത്. "ന്യായ"ത്തിന്റെ കാഴ്ചക്കാരനായി വീട്ടുവീഴ്ചയില്ലാത്ത നിലപാടുകളുള്ള നന്ദിയെ, ചെങ്കോലിനു മുകളിൽ കൈകൊണ്ട് കൊത്തിവച്ചിരിക്കുന്നു. ഏറ്റവും പ്രധാനമായി, ചെങ്കോൽ സ്വീകരിക്കുന്നയാളിന് നീതിപൂർവം ഭരിക്കാനുള്ള "ക്രമം" (തമിഴിൽ "ആണൈ") ഉണ്ട്. ഇതാണ് ഏറ്റവും ആകർഷണീയം. ജനങ്ങളെ സേവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവർ ഇത് ഒരിക്കലും മറക്കരുത്." അമിത് ഷാ കൂട്ടിച്ചേർത്തു.
1947-ലെ അതേ ചെങ്കോൽ, ലോക്‌സഭയിൽ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി സ്ഥാപിക്കും. ഇത് രാജ്യത്തിന് കാണുന്നതിനായി പ്രദർശിപ്പിക്കുകയും പ്രത്യേക അവസരങ്ങളിൽ പുറത്തെടുക്കുകയും ചെയ്യും. ചരിത്രപ്രസിദ്ധമായ "ചെങ്കോൽ" സ്ഥാപിക്കാൻ ഏറ്റവും ഉചിതവും പവിത്രവുമായ സ്ഥലമാണ് പാർലമെന്റ് മന്ദിരമെന്നും അമിത് ഷാ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...