ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നാളെ ജർമ്മനിയിലേക്ക്
ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂണ്‍ 28 ന് യു.എ.ഇയിലെത്തും
ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജി -7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയില്‍ എത്തും. ജര്‍മ്മനിയിലെ ഷ്ലോസ് എല്‍മൗയിലാണ് ഉച്ചകോടി.പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി സംസാരിച്ചേക്കും. ചില നേതാക്കളുമായി കൂടിക്കാഴ്ചയും നടത്തും. തിങ്കളാഴ്ച്ച വരെയാണ് ഉച്ചകോടിയുടെ ഭാഗമായി മോദിയുടെ ജര്‍മ്മനി സന്ദര്‍ശനം.
ഇന്ത്യയെ കൂടാതെ ജർമ്മനി, അർജന്റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നിവരെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി രണ്ട് സെഷനുകളിൽ പങ്കെടുക്കും. ആദ്യ സെഷൻ കാലാവസ്ഥ, ഊർജം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ടതാണ്, രണ്ടാമത്തെ സെഷൻ ഭക്ഷ്യസുരക്ഷയും ലിംഗസമത്വവും എന്ന വിഷയത്തിലാണ്. ജർമ്മനിയിൽ ഒരു കമ്മ്യൂണിറ്റി പരിപാടിയിൽ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കാൻ മോദി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുടെ ഒരു അനൗപചാരിക ഗ്രൂപ്പാണ് ഗ്രൂപ്പ് ഓഫ് 7 (G7). ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ശക്തവും അടുത്തതുമായ പങ്കാളിത്തത്തിന്റെയും ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ബന്ധങ്ങളുടെയും പാരമ്പര്യം അനുസരിച്ചാണ് ജി 7 ഉച്ചകോടിക്കുള്ള ക്ഷണം ലഭിക്കുക.
ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂണ്‍ 28 ന് യു.എ.ഇയിലെത്തും. യുഎഇ മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേര്‍പാടില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കാനും കൂടിയാണ് മോദിയുടെ യുഎഇ യാത്ര.
നുപുര്‍ ശര്‍മ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ വലിയ പ്രതിഷേധം അറിയിച്ചിരുന്നു .ഇതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനം. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...