രാജ്കോട്ട്: അസുഖബാധിതയായ അമ്മയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊന്ന കോളേജ് പ്രൊഫസര്‍ സിസിടിവിയില്‍ കുടുങ്ങി. മോഡി ഫാര്‍മസി കോളേജിലെ പ്രൊഫസറായ സന്ദീപ് നാഥ്വനിയാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സന്ദീപ് താമസിക്കുന്ന അപാര്‍ട്മെന്‍റിന്‍റെ ടെറസില്‍ നിന്നും വീണാണ് 64കാരിയായ ജയശ്രീബെന്‍ മരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സംഭവം. ടെറസില്‍ നിന്ന് കാല്‍ തെറ്റി ജയശ്രീബെന്‍ താഴെ വീണതെന്നായിരുന്നു സന്ദീപ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍, മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കാണിച്ച് അന്വേഷണസംഘത്തിന് ലഭിച്ച പരാതിയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കിയത്. 


അസുഖബധിതയായിരുന്ന ജയശ്രീബെന്നിന് പരസഹായം കൂടാതെ നടക്കാന്‍ കഴിയുമായിരുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചതോടെ സന്ദീപിലേക്ക് സംശയം നീളുകയായിരുന്നു. പൂജ നടത്തുന്നതിനായി അമ്മയെ ടെറസില്‍ കൊണ്ടു പോയെന്നും പൂജയ്ക്കായുള്ള വെള്ളം എടുക്കാന്‍ അപാര്‍ട്മെന്‍റിലേക്ക് പോന്നപ്പോഴായിരുന്നു അപകടം നടന്നതെന്നുമായിരുന്നു സന്ദീപ് പറഞ്ഞത്. 


എന്നാല്‍, അപാര്‍ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ള അമ്മയെ പിടിച്ചു വലിച്ച് ടെറസിലേക്ക് സന്ദീപ് ടെറസിലേക്ക് കൊണ്ടുപോകുന്നതായി കണ്ടെത്തി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ സന്ദീപ് കുറ്റം സമ്മതിച്ചു. അസുഖബാധിതയായ അമ്മയെ ശുശ്രൂഷിക്കുന്നതില്‍ ഭാര്യ നീരസം പ്രകടിപ്പിച്ചിരുന്നു. ഇത് മൂലമുള്ള കലഹങ്ങള്‍ തുടര്‍ന്നതോടെയാണ് അമ്മയെ വധിക്കുന്നതിന് സന്ദീപ് തീരുമാനിച്ചതെന്നാണ് മൊഴി.