ലഖ്നൗ: പുല്‍വാമ ഭീകരാക്രമണം ഗൂഢാലോചനയെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യം വെച്ചാണ് ഇത്തരത്തിലുള്ള നീക്കം നടന്നത്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇതിന്‍റെ പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും, ഒരു പക്ഷേ എത്തിനില്‍ക്കുക മുതിര്‍ന്ന നേതാക്കളിലായിരിക്കുമെന്നും രാം ഗോപാല്‍ യാദവ് കൂട്ടിച്ചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജമ്മുവിനും ശ്രീനഗറിനും ഇടയില്‍ പരിശോധനകള്‍ ഉണ്ടാകാത്തതും കവചിത വാഹനങ്ങള്‍ ഉണ്ടായിട്ടും സിആര്‍പിഎഫ് ജവാന്മാരെ സാധാരണ വാഹനങ്ങളില്‍ അയച്ചതും സംശയാസ്പദമാണെന്നും രാംഗോപാല്‍ യാദവ് പറഞ്ഞു.


സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ രാം ഗോപാല്‍ മാപ്പ് പറയണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലെ സൈഫയില്‍ നടന്ന ഹോളി ആഘോഷത്തിനിടെയാണ് രാംഗോപാല്‍ യാദവിന്‍റെ മോദി സര്‍ക്കാരിനെതിരായ ആരോപണം.


പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും മോദിയും പാക്കിസ്ഥാനും തമ്മിലുള്ള മാച്ച് ഫിക്സിംഗായിരുന്നു എന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദും ആരോപിച്ചിരുന്നു. വ്യോമാക്രമണത്തിന് തെളിവ് ചോദിക്കുകയാണ് പ്രതിപക്ഷമെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ പ്രസ്താവനക്ക് മറുപടി നല്‍കവെയായിരുന്നു ഹരിപ്രസാദിന്‍റെ ആരോപണം.