Quarry minimum distance: ക്വാറി ദൂരപരിധി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി കേരളം
ദൂരപരിധി 200 മീറ്ററാക്കിയാൽ സംസ്ഥാനത്തിന്റെ പല സുപ്രധാന പദ്ധതികൾക്കും നിർമാണത്തിന് ആവശ്യമായ പാറ ലഭിക്കില്ലെന്നും കേരളം അപ്പീലിൽ വ്യക്തമാക്കി
ന്യൂഡൽഹി: ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തന്നെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ (Supreme court) ഹർജി നൽകി. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഹരിത ട്രൈബ്യൂണൽ ക്വാറികൾക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചതെന്നാണ് കേരളത്തിന്‍റെ വാദം. ദൂരപരിധി 200 മീറ്ററാക്കിയാൽ സംസ്ഥാനത്തിന്റെ പല സുപ്രധാന പദ്ധതികൾക്കും (Projects) നിർമാണത്തിന് ആവശ്യമായ പാറ ലഭിക്കില്ലെന്നും കേരളം അപ്പീലിൽ വ്യക്തമാക്കി.
ക്വാറികൾക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സംസ്ഥാനം സുപ്രീംകോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ നിന്നും പരിസ്ഥിതി ലോല മേഖലകളിൽ നിന്നും 100 മുതൽ 200 മീറ്റര്‍ അകലെ മാത്രമേ ക്വാറികൾ പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു 2020 ജൂലൈയില്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവ്.
സ്ഫോടനം നടത്തുന്ന ക്വാറികൾ 200 മീറ്ററിനപ്പുറത്തും അല്ലാത്ത ക്വാറികൾക്ക് 100 മീറ്ററുമായിരുന്നു ദൂരപരിധി നിശ്ചയിച്ചത്. ദൂരപരിധി 50 മീറ്ററാക്കി കുറച്ചുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനവും ജൂലൈയിലെ ഉത്തരവിലൂടെ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. ട്രൈബ്യൂണലിന്‍റെ ഈ തീരുമാനങ്ങൾ മരവിപ്പിച്ച കേരള ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി ഇന്നലെ സ്റ്റേ ചെയ്തത്.
ഖനനം നിയന്ത്രിക്കുന്നതിനുള്ള 1957-ലെ മൈൻസ് ആൻഡ് മിനറൽസ് ഡെവലപ്‌മെന്റ് ആന്‍ഡ് റെഗുലേഷന്‍ ആക്ട് അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരം 50 മീറ്റർ ദൂരപരിധിയിൽ പാറ പൊട്ടിക്കാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ക്വാറികൾക്ക് 50 മീറ്റര്‍ പരിധി നിശ്ചയിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വന്ന ഒരു പരാതി കേസായി പരിഗണിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ (National green tribunal) നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
ഹരിത ട്രൈബ്യൂണൽ വിധി റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിലവിൽ പ്രവര്‍ത്തിക്കുന്ന ക്വാറികൾക്ക് സംരക്ഷണം ഉറപ്പാക്കിയിരുന്നു. എന്നാൽ ലൈസൻസ് പുതുക്കുമ്പോൾ 200 മീറ്റര്‍ പരിധി എന്ന നിബന്ധന എടുത്തുകളഞ്ഞില്ല. ഇതിനെതിരെ സുപ്രീംകോടതിയിലെത്തിയ ക്വാറി ഉടമകൾക്കാണ് തിരിച്ചടിയുണ്ടായത്. ഹരിത ട്രൈബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാതിരുന്ന സുപ്രീംകോടതി തീരുമാനം സർക്കാരിനും തിരിച്ചടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...