ന്യൂഡല്‍ഹി: സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്കാരത്തിനായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ രഘുറാം രാജന്‍ ഇടം നേടി. അന്തിമപരിഗണനയിലുള്ള ആറു പേരില്‍ ഒരാളാണ് രഘുറാം രാജനെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. കോര്‍പ്പറേറ്റ് ഫിനാന്‍സ് രംഗത്തെ സംഭാവനകളാണ് രഘുറാമിനെ സാധ്യതാപട്ടികയിലേക്ക് പരിഗണിക്കുന്നതിന് ഇടയാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അന്താരാഷ്ട്ര നാണ്യ നിധിയിൽ ചീഫ് ഇക്കണോമിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള രഘുറാം രാജന്‍ ഇപ്പോള്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായി പ്രവര്‍ത്തിക്കുകയാണ്. അമേരിക്ക വലിയൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമെന്ന് 2005ല്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടപ്പോള്‍ പല പ്രമുഖ സാമ്പത്തിക വിദഗ്ദരും അതിനെ ചോദ്യം ചെയ്തു. എന്നാല്‍ മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം രഘുറാം രാജന്‍റെ അനുമാനങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. 


2016 സെപ്റ്റംബറിലാണ് രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്‍റെ പടികളിറങ്ങിയത്. ചിക്കാഗോ യൂണിവേഴ്സിറ്റി അവധി നീട്ടിനല്‍കാത്തതാണ് സ്ഥാനമൊഴിയാന്‍ കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ഇതിനെ രഘുറാം രാജന്‍ തള്ളിയിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളില്‍ കടുത്ത വിയോജിപ്പുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച രഘുറാം രാജന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടുനിരോധനത്തേയും വിമര്‍ശിച്ചിരുന്നു.