ഇന്ത്യൻ ബോർഡർ ചൈന കൈവശപ്പെടുത്തിക്കഴിഞ്ഞോ? രാജ്‌നാഥ് സിംഗിനോട് രാഹുൽ
കൈ ചിഹ്നത്തെക്കുറിച്ചുള്ള ചർച്ച കഴിഞ്ഞെങ്കിൽ അതിർത്തി ചൈന കൈവശപ്പെടുത്തിക്കഴിഞ്ഞോ എന്ന് പറഞ്ഞ്തരൂ
ഇന്ത്യ-ചൈന അതിർത്തി തർക്കം രൂക്ഷമായിരിക്കെ ഇന്ത്യയിൽ രാഷ്ട്രീയതർക്കങ്ങൾക്കും ഒരു കുറവും ഇല്ല. കഴിഞ്ഞ ദിവസം അമിത് ഷാ നടത്തിയ വെർച്വൽ റാലിക്കെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചിരുന്നു. അതിർത്തിയിൽ എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കുമറിയാം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
എന്നാൽ രാഹുലിന് മറുപടിയുമായി രാജ്‌നാഥ് സിംഗ് (Rajnath Singh) രംഗത്തെത്തി. ഒരു ഉറുദു കവിതയെ ഉദ്ധരിച്ചാണ് അദ്ദേഹം രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും വിമർശിച്ചത്. 'കൈ വേദനിക്കുന്നുണ്ടെങ്കിൽ മരുന്ന് വയ്ക്കാം, എന്നാൽ കൈ തന്നെയാണ് വേദനയെങ്കിൽ എന്ത് ചെയ്യാനാണ്' രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
തുടർന്നാണ് രാഹുൽ(Rahul Gandhi), രാജ്‌നാഥ് സിംഗിനോട് അതിർത്തിയെ കുറിച്ച് ചോദ്യമുന്നയിച്ചത്.കൈ ചിഹ്നത്തെക്കുറിച്ചുള്ള ചർച്ച കഴിഞ്ഞെങ്കിൽ അതിർത്തി ചൈന കൈവശപ്പെടുത്തിക്കഴിഞ്ഞോ എന്ന് പറഞ്ഞ്തരൂ എന്നാണ് രാഹുൽ ചോദിച്ചത്.
Also Read: 'അതിർത്തിയിൽ നടക്കുന്നത് എന്താണെന്ന് എല്ലാവർക്കുമറിയാം', അമിത് ഷായ്‌ക്കെതിരെ രാഹുൽ
ഇന്ത്യ ചൈന തമ്മിൽ നടന്ന ചർച്ചയിൽ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാമെന്നും തൽസ്ഥിതി തുടരുമെന്നും പറഞ്ഞിരുന്നു. എന്നാൽ അതിർത്തിയിൽ ചൈന കൂടുതൽ ആയുധങ്ങളും പട്ടാളക്കാരെയും വിന്യസിക്കുന്നതായാണ് ലഭിച്ച വിവരം.