റാഫേല്‍ ഇടപാടില്‍ അഴിമതിയെന്ന് രാഹുല്‍
36 ജറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിനെ അറിയിച്ചതിന് പിന്നാലെയാണ് അഴിമതി ആരോപണം രാഹുല്‍ ആവര്‍ത്തിച്ചത്.
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. 36 ജറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്‍റിനെ അറിയിച്ചതിന് പിന്നാലെയാണ് അഴിമതി ആരോപണം രാഹുല്‍ ആവര്‍ത്തിച്ചത്.
അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഒത്താശ ചെയ്യുന്നതിന് പ്രധാനമന്ത്രി കരാര്‍ അട്ടിമറിച്ചെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
റാഫേല്‍ ജറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിന് എത്ര പണം നല്‍കിയെന്ന വിവരം വെളിപ്പെടുത്താനാവില്ലെന്ന് പ്രതിരോധമന്ത്രി പറയുന്നു. എന്താണിത് അര്‍ത്ഥമാക്കുന്നത്? അഴിമതി നടന്നിട്ടുണ്ടെന്നതിന് തെളിവാണിതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നേരിട്ട് പാരീസില്‍ പോയി കരാറില്‍ മാറ്റം വരുത്തിയെന്നും രാഹുല്‍ ആരോപിച്ചു.
പാര്‍ലമെന്‍റില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് നരേഷ് അഗ്രവാളാണ് റാഫേല്‍ ഇടപാട് സംബന്ധിച്ചുള്ള ചോദ്യം ഉന്നയിച്ചത്. കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അഗ്രവാളിന്‍റെ ചോദ്യം. രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിഷയമായതിനാല്‍ വിവരം വെളിപ്പെടുത്താനാവില്ലെന്നാണ് ചോദ്യത്തിന് നിര്‍മല സീതാരാമന്‍ നല്‍കിയ മറുപടി. ഇതിനെത്തുടര്‍ന്നാണ് അഴിമതി ആരോപണം രാഹുല്‍ വീണ്ടും പരസ്യമായി ഉയര്‍ത്തിയത്.