ബെല്ലാരി: ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിച്ച് കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബെല്ലാരിയിൽ ഇന്ന് ദളിത് പിന്നാക്ക റാലിയോടെ രാഹുലിന്‍റെ പ്രചരണത്തിന് തുടക്കമാവും. ഗുജറാത്തിൽ വിജയിച്ച മൃദുഹിന്ദുത്വ സമീപനം തുടരുമെന്ന പ്രഖ്യാപനമാവും കോൺഗ്രസ് അധ്യക്ഷന്‍റെ നാല് ദിവസത്തെ സംസ്ഥാന പര്യടനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗുജറാത്തിലെ അടവുകൾ കർണാടകത്തിലും കൈവിടില്ലെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിന്. സിദ്ധരാമയ്യ സർക്കാർ ഹിന്ദു വിരുദ്ധരാണെന്ന പ്രചരണം ബിജെപി ശക്തമാക്കുന്നു. അതിന് തടയിടാൻ കോൺഗ്രസ്, അധ്യക്ഷനെ തന്നെ രംഗത്തിറക്കുന്നു. 


നാല് ദിവസം നീളുന്ന രാഹുൽഗാന്ധിയുടെ പ്രചാരണ പരിപാടിയിൽ പ്രധാനം ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിക്കലാണ്. ബെല്ലാരിയിൽ ദളിത് പിന്നാക്ക റാലിയോടെയാണ് തുടക്കമെങ്കിലും കോപ്പാളിലും തുംകുരുവിലും കൽബുർഗിയിലും ക്ഷേത്ര സന്ദർശമാണ് മുഖ്യം. 


കോപ്പാളിൽ ഹുളിങ്കമ്മ ക്ഷേത്ര സന്ദർശനം. പ്രത്യേക മതപദവി ആവശ്യപ്പെട്ട് സമരമുഖത്തുളള ലിംഗായത്ത് സമുദായത്തെ ഒപ്പം കൂട്ടാനാണ് തുകുരുവിലേക്കുളള യാത്ര. അവിടെ സിദ്ധേശ്വര മഠത്തിൽ രാഹുലെത്തും. ബിജെപിയോട് ലിംഗായത്തുകൾക്ക് പഴയ മമതയില്ലാത്തത് തങ്ങളെ തുണയ്ക്കുമെന്ന് കോൺഗ്രസ് കരുതുന്നു.


കൽബുർഗിയിൽ ബന്ദേ നവാസ് ദർഗയും സന്ദർശിക്കും. കോൺഗ്രസ് ഹിന്ദുത്വ കാർഡ് ഇറക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയരുമ്പോഴും അസ്വാഭാവികമായി ഒന്നുമില്ലെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. 


ബിജെപി പറയുന്ന ഹിന്ദുത്വമല്ല തങ്ങളുടേതെന്നും എല്ലാവരെയും ഉൾക്കൊളളുന്നതാണ് തങ്ങളുടെയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പാർട്ടിക്ക് സ്വാധീനമുളള ഹൈദരാബാദ്-കർണാടക മേഖലയിലാണ് കോൺഗ്രസ് പ്രചാരണം തുടങ്ങുന്നത്. മത-സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കി തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് പദ്ധതി.