ഭാരത് ജോഡോ യാത്ര നാളെ പുനഃരാരംഭിക്കും, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പോലീസ്
15 കമ്പനി സിആര്‍പിഎഫിനെയും, 10 കമ്പനി ജമ്മു കശ്മീർ പോലീസിനെയും വിന്യസിച്ചിരുന്നെന്നാണ് കശ്മീർ പോലീസിന്റെ വിശദീകരണം.
ന്യൂഡൽഹി: ഭാരത് ജോഡോ യാത്ര നാളെ വീണ്ടും പുനരാരംഭിക്കുമെന്ന് കോൺഗ്രസ്. ജനുവരി 28ന് രാവിലെ ഒമ്പത് മണിക്ക് അനന്ത്നാഗില്‍ നിന്ന് യാത്ര പുനരാരംഭിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ സുരക്ഷാ വീഴ്ച ഉണ്ടായെന്നാരോപിച്ചാണ് രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര കോൺഗ്രസ് താൽക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ സുരക്ഷയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ജമ്മുകശ്മീർ പോലീസ് പറയുന്നത്. 15 കമ്പനി സിആര്‍പിഎഫിനെയും, 10 കമ്പനി ജമ്മു കശ്മീർ പോലീസിനെയും വിന്യസിച്ചിരുന്നെന്നാണ് കശ്മീർ പോലീസിന്റെ വിശദീകരണം. യാത്രയിൽ വലിയ ആൾക്കൂട്ടത്തെ ഉൾപ്പെടുത്തിയെന്നും ഈ വിവരം പോലീസിനെ മുൻകൂട്ടി അറിയിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി. യാത്ര അവസാനിപ്പിക്കുന്നതിന് മുൻപ് പോലീസിനോട് ചർച്ച ചെയ്തില്ലെന്നും ജമ്മുകശ്മീര്‍ പോലീസ് പറഞ്ഞു.
ശ്രീനഗറിലേക്കുള്ള വഴിയിൽ ബനിഹാൽ തുരങ്കം പിന്നിട്ടു കഴിഞ്ഞപ്പോൾ യാത്രയിലേക്ക് വൻ ജനക്കൂട്ടം എത്തി. എന്നാൽ ഇത് നിയന്ത്രിക്കാൻ മതിയായ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. മുന്നറിയിപ്പില്ലാതെ സിആര്‍പിഎഫിനെ പിന്‍വലിച്ചെന്നായിരുന്നു കെ സി വേണുഗോപാല്‍ പറഞ്ഞത്. പിന്നീട് ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് രാഹുല്‍ ഗാന്ധിയെ മാറ്റിയ ശേഷം യാത്ര തൽക്കാലത്തേക്ക് നിർത്തിവെയ്ക്കുകയായിരുന്നു.
Also Read: Bank Strike: ബാങ്ക് പണിമുടക്ക് മാറ്റി, തീരുമാനം ചീഫ് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിൽ
ജനക്കൂട്ടം എത്തിയതിനെ തുടർന്ന് 30 മിനിറ്റോളം രാഹുൽ ഗാന്ധിക്ക് അനങ്ങാനായില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തുടർന്നാണ് രാഹുലിനെ സുരക്ഷാ വാഹനത്തിൽ കയറ്റി യാത്ര അവസാനിപ്പിച്ചത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുല്ലയും യാത്രയ്‌ക്കൊപ്പം ചേർന്നിരുന്നു. ഇരുവർക്കും സുരക്ഷ നൽകുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന് കെ.സി.വേണുഗോപാൽ ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാലാണ് ഭാരത് ജോഡോ യാത്ര നിർത്തിയതെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...