Rajasthan Panchayat Elections | ബിജെപിക്ക് തിരിച്ചടി; കോൺഗ്രസിന് 278 സീറ്റ്, ബിജെപിക്ക് 165; 13 സീറ്റുകൾ നേടി സിപിഎമ്മും
568 അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ 97 സ്വതന്ത്രരും 14 ബിഎസ്പി സ്ഥാനാർത്ഥികളും 13 സിപിഎം സ്ഥാനാർഥികളും ഉൾപ്പെടുന്നു.
ജയ്പൂർ: രാജസ്ഥാനിലെ നാല് ജില്ലകളിലെ പഞ്ചായത്ത് സമിതി അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. 278 സീറ്റുകളിൽ കോൺഗ്രസും 165 സീറ്റുകളിൽ ബിജെപിയും വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബാരൻ, കോട്ട, ഗംഗാനഗർ, കരൗലി എന്നീ നാല് ജില്ലകളിലെ 30 പഞ്ചായത്ത് സമിതികളിലെ 568 അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ 97 സ്വതന്ത്രരും 14 ബിഎസ്പി സ്ഥാനാർത്ഥികളും 13 സിപിഎം സ്ഥാനാർഥികളും ഉൾപ്പെടുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് ആധിപത്യം പുലർത്തി. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോതസ്ര വോട്ടെടുപ്പ് ഫലങ്ങൾ പ്രോത്സാഹജനകമാണെന്നാണ് അഭിപ്രായപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏതൊരു പ്രതിപക്ഷ പാർട്ടിയുടെയും മികച്ച പ്രകടനമാണിതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ പറഞ്ഞു.
ജില്ലാ പരിഷത്ത് അംഗങ്ങൾക്കായുള്ള തിരഞ്ഞെടുപ്പും ഈ നാല് ജില്ലകളിലും നടന്നിരുന്നു, ചൊവ്വാഴ്ച അതത് ജില്ലാ ആസ്ഥാനങ്ങളിൽ വോട്ടെണ്ണൽ നടന്നു. കമ്മിഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ പ്രകാരം നാല് ജില്ലാ പരിഷത്തുകളിലായി 106 അംഗങ്ങൾക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ കോൺഗ്രസിന് 59ഉം ബിജെപി 35ഉം സീറ്റുകളാണ് നേടിയത്. പൂർണ്ണ ഫലങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ.
മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 2,251 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഇവരിൽ പഞ്ചായത്ത് സമിതിയിലേക്ക് 1,946 പേരും ജില്ലാ പരിഷത്തിലേക്ക് 305 പേരും മത്സരരംഗത്തുണ്ടായിരുന്നു. 106 ജില്ലാ പരിഷത്ത് അംഗങ്ങളിൽ മൂന്ന് പേരും 568 പഞ്ചായത്ത് സമിതി അംഗങ്ങളിൽ ആറ് പേരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...