Rajasthan Political crisis: ഗെഹ്ലോട്ടിന് തുണയായി സുപ്രീംകോടതി, BSP MLAമാരുടെ കൂറുമാറ്റത്തില്‍ തത്കാലം ഇടപെടില്ല...!!
കോണ്‍ഗ്രസിലെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് നിലപാട് തണുപ്പിച്ചതോടെ എല്ലാം ശുഭമായി എന്ന് കരുതുന്ന പാര്‍ട്ടിയ്ക്ക് മറ്റൊരു ശുഭ വാര്‍ത്തകൂടി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ വിമത നേതാവ് സച്ചിന്‍ പൈലറ്റ് നിലപാട് തണുപ്പിച്ചതോടെ എല്ലാം ശുഭമായി എന്ന് കരുതുന്ന പാര്‍ട്ടിയ്ക്ക് മറ്റൊരു ശുഭ വാര്‍ത്തകൂടി...
BSPയില്‍ നിന്നും കൂറുമാറി എം.എല്‍.എമാര്‍ ഒന്നടങ്കം കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ആഗസ്റ്റ് 14ന് ഗെഹ്‌ലോട്ട് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടാനിരിക്കെ സുപ്രീംകോടതിയുടെ നിലപാട് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് ഏറെ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ്.
BJP MLA മദന്‍ ദിലാവറിന്‍റെ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. BSP MLAമാരുടെ ലയനം താത്കാലികമായി തടയണമെന്നും അവരെ സഭയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു BJP MLA മദന്‍ ദിലാവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ജസ്ഥാന്‍ ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി മൂന്നാംഗ ബെഞ്ച് അറിയിക്കുകയായിരുന്നു.
അതേസമയം, മായാവതിയും BJP MLAയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ച രാജസ്ഥാന്‍ ഹൈക്കോടതി സ്പീക്കര്‍ക്കും BSP MLA മാര്‍ക്കും നോട്ടീസ് അയച്ചിരുന്നു. ആഗസ്റ്റ് 11 നകം മറുപടി നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജിയില്‍ വാദം തുടരുകയാണ്.
ഇതോടെ, നിയമസഭയില്‍ വിശ്വാസവോട്ട് എന്ന കടമ്പ അനായാസം കടക്കാനാകുമെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. രാജസ്ഥാനില്‍ BSPയുടെ മുഴുവന്‍ എം.എല്‍.എമാരും കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ കൂറുമാറ്റ നിരോധ നിയമം ഇവര്‍ക്കെതിരെ ബാധകമാകില്ലെന്നാണ് കോണ്‍ഗ്രസ് വാദിക്കുന്നത്.
സച്ചിന്‍ പൈലറ്റിന്‍റെയും 18 അനുഭാവികളുടേയും പിന്തുണയില്ലാതെതന്നെ 200 അംഗ സഭയില്‍ 102 പേരുടെ പിന്തുണയാണ് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അവകാശപ്പെടുന്നത്.
Also read: Rajastan: മുഖ്യമന്ത്രിയും മുൻ ഉപമുഖ്യമന്ത്രിയും ഇന്ന് കൂടിക്കാഴ്ച നടത്തും
അതേസമയം, നിയമസഭ സമ്മേളനത്തിന് മുന്നോടിയായി നിയമസഭാ കക്ഷിയോഗം ഇന്ന് 5 മണിക്ക് അശോക് ഗെഹ്‌ലോട്ട് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഗെഹ്‌ലോട്ടിന്‍റെ വസതിയില്‍ നടക്കുന്ന യോഗത്തില്‍ സച്ചിന്‍ പൈലറ്റിനും അനുഭാവികള്‍ക്കും ക്ഷണമുണ്ട്.
"എല്ലാം മറന്ന് മുന്നോട്ടുപോകുക" എന്നാണ് വിമതരുടെ മടങ്ങി വരവിന് ശേഷമുള്ള ഗെഹ്‌ലോട്ടിന്‍റെ പ്രതികരണം.