രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെയും മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. നളിനിയുൾപ്പെടെയുള്ള പ്രതികളെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് മോചിപ്പിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസിലെ ആറ് പ്രതികളെയും മോചിപ്പിക്കാൻ ഉത്തരവിട്ടത്. നളിനി ശ്രീഹരൻ, റോബർട്ട് പാരിസ്, രവിചന്ദ്രൻ, രാജ, ശ്രീഹരൻ, ജയ്കുമാർ എന്നിവരാണ് കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നത്. കേസിൽ മുഖ്യപ്രതി നളിനി 31 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. 



COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ പ്രതികൾ 30 വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞുവെന്നും, ശിക്ഷാ സമയത്തെ പ്രതികളുടെ എല്ലാവരുടെയും പെരുമാറ്റം തൃപ്തികരമായിരുന്നുവെന്നും  ജസ്റ്റിസ് ബി.ആർ ഗവായ്, ബി.വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടാതെ തമിഴ്‌നാട് സർക്കാരും ഇവരുടെ മോചനം ആവശ്യപ്പെട്ടിരുന്നതായും സുപ്രീംകോടതി കൂട്ടിച്ചേർത്തു. കേസിൽ മറ്റൊരു പ്രതിയായ പേരറിവാളനെ മെയ് പതിനെട്ടിന് മോചിപ്പിച്ചിരുന്നു.  ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോ​ഗിച്ചായിരുന്നു പേരറിവാളനെ മോചിപ്പിച്ചത്. 31 വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് പേരറിവാളൻ ജയിൽ മോചിതനായത്.


ALSO READ : Rajiv Gandhi Assassination Case: പ്രതികൾക്ക് ദീർഘകാല പരോൾ നൽകാനുള്ള നീക്കവുമായി ഡിഎംകെ


പേരറിവാളനെ മോചിപ്പിച്ചതിന് പിന്നാലെ കേസിലെ മറ്റ് പ്രതികളായ  നളിനിയും  പി രവിചന്ദ്രനും മോചന ഹർജി നൽകിയെങ്കിലും, മദ്രാസ് ഹൈക്കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഭരണഘടനയുടെ 142-ാം വകുപ്പ് ഉപയോഗിക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. തുടർന്നാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചത്.


1991 മെയ് ഇരുപത്തിയൊന്നിനാണ്  ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുകയായിരുന്ന രാജീവ് ഗാന്ധി ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്.  തുടർന്ന് 1998-ൽ കേസിലെ പ്രതികൾക്ക്  സ്‌പെഷ്യൽ ടാഡ കോടതി വധശിക്ഷ വിധിച്ചു. 1999 മെയ് പതിനൊന്നിന് മേൽക്കോടതി വധശിക്ഷ ശരിവെക്കുകയൂം ചെയ്തിരുന്നു. പിന്നീട് 2014-ൽ സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.