മമത-സിബിഐ പോര്: ഗവര്‍ണറോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
മമത - സിബിഐ പോര് ഇന്ന് പാര്‍ലമെന്‍റിലും അലയടിച്ചു. ബഹളത്തെത്തുടര്‍ന്ന് 2 മണിവരെ ഇരുസഭകളും നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.
ന്യൂഡല്‍ഹി: മമത - സിബിഐ പോര് ഇന്ന് പാര്‍ലമെന്‍റിലും അലയടിച്ചു. ബഹളത്തെത്തുടര്‍ന്ന് 2 മണിവരെ ഇരുസഭകളും നിര്‍ത്തിവച്ചിരിയ്ക്കുകയാണ്.
അതേസമയം, ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സംഭവത്തില്‍ സംസ്ഥാന ഗവര്‍ണറോട് വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
കൊല്‍ക്കത്തയില്‍ അന്വേഷണത്തിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സംഭവം രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയതായി രാജ്നാഥ് സിംഗ് അറിയിച്ചു. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോഴാണ് കൊല്‍ക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മിഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
ചിട്ടി തട്ടിപ്പ് അന്വേഷണത്തിന് എത്തിയ സി.ബി.ഐ സംഘത്തെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് നടപടിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ് അടിയന്തരമായി പരിഗണിക്കമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളികൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. തെളിവ് ഹാജരാക്കിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും കോടതി അറിയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഇടപെടുമെന്നും കോടതി അറിയിച്ചു.
കസ്റ്റഡിയിലെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്‌തതായും ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അഭ്യൂഹങ്ങള്‍ പടര്‍ന്നെങ്കിലും കേസൊന്നും എടുത്തിട്ടില്ലെന്നും ആരേയും അറസ്റ്റ് ചെയ്‌തിട്ടില്ലെന്നും മമതാ ബാനര്‍ജി പിന്നീട് അറിയിച്ചു. കൊല്‍ക്കത്തയില്‍ പ്രതിപക്ഷകക്ഷികളുടെ സമ്മേളനം വിളിച്ചു ചേര്‍ത്തതിനാണ് സി.ബി.ഐയെ വച്ച് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും തന്നോട് പ്രതികാരം ചെയ്യുന്നതെന്ന് മമത മാധ്യമങ്ങളോട് പറഞ്ഞു.