Rajya Sabha Election: ഡോ സുഭാഷ് ചന്ദ്ര രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് പത്രിക സമര്‍പിച്ചു
ഓഗസ്റ്റ് 1 നാണ് രാജ്യസഭാ എംപിയായുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. ബിജെപി പിന്തുണയോടെയാണ് അദ്ദേഹം മത്സരിക്കുന്നത്.
ജയ്പൂര്‍: രാജ്യസഭ എംപിയും എസ്സെല്‍ ഗ്രൂപ്പ് ചെയര്‍മാനും സീ മീഡിയ സ്ഥാപകനും ആയ ഡോ സുഭാഷ് ചന്ദ്ര രാജ്യസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പിച്ചു. രാജസ്ഥാനില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ബിജെപി പിന്തുണയോടെ ആണ് മത്സരിക്കുന്നത്.
ഓഗസ്റ്റ് 1 നാണ് രാജ്യസഭാ എംപിയായുള്ള അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിനമായിരുന്നു മെയ് 31. പത്രികകളുടെ സൂക്ഷ്മ പരിശോധന ജൂണ്‍ 1 ന് ആണ് നടക്കുക.
നിലവില്‍ ഹരിയാണയില്‍ നിന്നുള്ള രാജ്യസഭാ എംപിയാണ് അദ്ദേഹം. രാജസ്ഥാൻ നിയമസഭയില്‍ എത്തിയാണ് പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുമായും മുതിര്‍ന്ന നേതാക്കളായ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കടാരിയ, അരുണ്‍ സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മാതാ ദുംഗ്രി ഗണേശ ക്ഷേത്ര ദര്‍ശനത്തിന് ശേഷമായിരുന്നു സുഭാഷ് ചന്ദ്ര പത്രിക സമര്‍പിച്ചത്.
ജൂണ്‍ 10 ന് ആണ് രാജസ്ഥാനില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി എംപിമാരായ ഓംപ്രകാശ് മാത്തൂര്‍, അല്‍ഫോന്‍സ് കണ്ണന്താനം, രാംകുമാര്‍ വര്‍മ, ഹര്‍ഷവര്‍ദ്ധന്‍ സിങ് എന്നിവരുടെ കാലാവധി ജൂലായ് 4 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ തിരഞ്ഞെടുപ്പ്. രാജസ്ഥാനില്‍ നിന്ന് 10 രാജ്യസഭാ എംപിമാരാണ് ഉള്ളത്. നിലവില്‍ ഏഴ് പേര്‍ ബിജെപി പ്രതിനിധികളും മൂന്ന് പേര്‍ കോണ്‍ഗ്രസ് പ്രതിനിധികളും ആണ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, നീരജ് ഡാങ്കി എന്നിവരാണ് രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാ എംപിമാര്‍.
200 അംഗങ്ങളുള്ള രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 108 എംഎല്‍എമാരാണ് ഉള്ളത്. ബിജെപിയ്ക്ക് 71 എംഎല്‍എമാരും. 13 സ്വതന്ത്ര എംഎല്‍എമാരും രാജസ്ഥാന്‍ നിയമസഭയില്‍ ഉണ്ട്. രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിയ്ക്ക് മൂന്നും സിപിഎമ്മിനും ഭാരതകീയ ട്രൈബല്‍ പാര്‍ട്ടിയ്ക്കും രണ്ട് വീതം എംഎല്‍എമാരും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...