ന്യൂഡല്‍ഹി:  അയോധ്യ രാമക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് പുറത്തിറക്കി. ആദായ നികുതി വകുപ്പ് നിയമത്തിലെ 80 ജി വകുപ്പ് പ്രകാരമാണ് ഇളവ്.


ഇന്‍കം ടാക്സ് സെക്ഷന്‍ 80 ജി പ്രകാരം  നികുതിയിളവ് നല്‍കുന്നതിനായി രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിനെ പൊതു ആരാധാനാലയമായും ചരിത്രപ്രാധാന്യമുള്ള കേന്ദ്രമെന്നും നോട്ടിഫൈ ചെയ്തു. 


ഈ നിയമപ്രകാരം ക്ഷേത്രം, പള്ളി ഉള്‍പ്പെടെയുള്ള ചാരിറ്റി സ്ഥാപനങ്ങള്‍, ദുരിതാശ്വാസ ഫണ്ട് എന്നിവക്കുള്ള സംഭാവനക്കാണ് നികുതിയിളവ് നല്‍കുക. ചെക്ക്, ഡ്രാഫ്റ്റ്, പണം എന്നിവയിലൂടെ നല്‍കുന്നതിന് മാത്രമേ ഇളവ് ലഭിക്കൂ. 


ക്ഷേത്ര ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. ക്ഷേത്ര ട്രസ്റ്റിന്‍റെ വരുമാനത്തിന് ആദായ നികുതി ഇളവ് നല്‍കിയത് കൂടാതെയാണ് സംഭവന നല്കുന്നവര്‍ക്കും ഇളവ് പ്രഖ്യാപിച്ചത്.


ആദായ നികുതി നിയമത്തിലെ 11,12 വകുപ്പ് പ്രകാരം ഇളവിനായി ട്രസ്റ്റ് അപേക്ഷിച്ചിരുന്നു. ആ ഇളവ് ലഭിക്കുന്ന ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുന്നവര്‍ക്ക് നല്‍കുന്നതാണ് 80 ജി വകുപ്പ് പ്രകാരമുള്ള ഇളവ്. ഈ ആനുകൂല്യം 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ ലഭ്യമാകും. 


ഫെബ്രുവരി 5നാണ് ക്ഷേത്ര നിര്‍മാണത്തിന് ശ്രീ രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ചത്.