റാം റഹീമിനെതിരായ പീഡനക്കേസില്‍ വിധി ഇന്ന്;പഞ്ചാബിലും ഹരിയാനയിലും അതീവജാഗ്രത
ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ വിധി ഇന്ന്. വിധി ഇന്ന് വരുന്നതിനാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ അതീവജാഗ്രതയിലാണ്. പഞ്ച്കുല പ്രത്യേക സിബിഐ കോടതി ഇന്ന് ഉച്ചയ്ക്കാണ് വിധി പുറപ്പെടുവിക്കുക.
ന്യൂഡല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ മാനഭംഗക്കേസില്‍ വിധി ഇന്ന്. വിധി ഇന്ന് വരുന്നതിനാല്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ അതീവജാഗ്രതയിലാണ്. പഞ്ച്കുല പ്രത്യേക സിബിഐ കോടതി ഇന്ന് ഉച്ചയ്ക്കാണ് വിധി പുറപ്പെടുവിക്കുക.
ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. അതേസമയം വിധി പ്രസ്താവന നടത്താനിരിക്കെ ഇയാള്‍ക്ക് പിന്തുണയുമായി പഞ്ച്കുളയിലെ റാം റഹീമിന്റെ ആശ്രമത്തിലേക്ക് ഒരു ലക്ഷത്തോളം അനുയായികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് 15,000 അര്‍ധ സൈനികരെയാണ് സുരക്ഷയ്ക്കു നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളില്‍ മൂന്നു ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനം നിരോധിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയിലെ നിരീക്ഷണം ശക്തമാക്കി. മുന്‍കരുതലെന്ന നിലയില്‍ ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള 74 ട്രെയിനുകള്‍ റദ്ദാക്കി. ചണ്ഡിഗഡിനു സമീപത്തുള്ള പഞ്ച്കുല ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചണ്ഡിഗഡിലും പഞ്ച്കുലയിലും അയ്യായിരത്തോളം പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. മൊഹാലിയില്‍ 2000 പൊലീസുകാരെയും വിന്യസിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിനു ലഭിച്ച ഊമക്കത്തിലൂടെയാണു മാനഭംഗം നടത്തിയ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു റാം റഹിം സിങ്ങിനെതിരെ കേസെടുക്കാന്‍ 2002ല്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതികള്‍ സിബിഐയോട് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലും ഇദ്ദേഹം വിചാരണ നേരിടുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്തുണയുമായി കൂടുതല്‍ ആളുകള്‍ എത്തിച്ചേരുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്കുന്ന സൂചന.