ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിപ്പോ 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും ഉയര്‍ന്നു. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തില്‍ തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കും. നാലര വര്‍ഷത്തിനിടെ ഇതാദ്യമായാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.


ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലയിരുത്തി. ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം.


പ്രഖ്യാപിത ലക്ഷ്യമായ നാലു ശതമാനത്തിലേയ്ക്ക് പണപ്പെരുപ്പം താഴ്ത്താന്‍ ഇതുവരെ കഴിയാത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. അസംസ്‌കൃത എണ്ണവിലയിലെ വര്‍ധനമൂലം തല്‍ക്കാലം അതിന് കഴിയില്ലെന്നുതന്നെയാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.


നാലര വര്‍ഷത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് നിരക്ക് കൂട്ടുന്നത്. നിരക്ക് വര്‍ധനവ് വാണിജ്യ-വ്യവസായ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കും.  ഭവന-വാഹന വായ്പാ നിരക്കുകള്‍ ഉയര്‍ന്നേക്കും. ബാങ്കുകള്‍ പലിശ നിരക്ക് കൂട്ടാനും സാധ്യതയുണ്ട്.