ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ കെയ്റാനയിലെ 73 ബൂത്തുകളിലും മഹാരാഷ്ട്രയിലെ 49 ബൂത്തുകളിലും നാളെ റീപോളിംഗ് നടത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്. രണ്ടിടത്തുമായി ഉപയോഗിച്ച വോട്ടിംഗ്, വി.വി.പാറ്റ് യന്ത്രങ്ങളിലെ 10 ശതമാനത്തിലും തകരാര്‍ കണ്ടെത്തിയെന്നാണ് സൂചന.  


വോട്ടെടുപ്പ് നടന്ന ദിവസം 113 ഇവിഎം തകരാറിലായതിനെതുടര്‍ന്ന് ഏറെനേരം കാത്തുനിന്ന ശേഷം വോട്ടര്‍മാര്‍ മടങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 


അതേസമയം, ഗൊരഖ്പൂരിലെയും ഫൂല്‍പൂരിലെയും തോല്‍വിയില്‍ നാണംകെട്ട ബി.ജെ.പി കെയ്റാനയിലെയും നൂര്‍പൂരിലെയും വോട്ടിംഗ് യന്ത്രങ്ങള്‍ കേടുവരുത്തിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. 140 വോട്ടിംഗ് യന്ത്രങ്ങള്‍ നൂര്‍പൂരിലും 90 എണ്ണം കെയ്റാനയിലും തകരാറിലായതായി എസ്.പി വക്താവ് രാജേന്ദ്ര ചൗധരി ആരോപിച്ചു. ആര്‍.എല്‍.ഡി ദേശീയ വക്താവ് അനില്‍ ദുബെയും പരാതിയുമായി രംഗത്തെത്തിയിരുന്നു.


അതേസമയം, പ്രതിപക്ഷ കക്ഷികളെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലത്തിലെ വിജയം നിര്‍ണ്ണായകമാണ്. കാരണം, ഈ മണ്ഡലത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നായാണ് ബിജെപിയെ നേരിടുന്നത് എന്നത് തന്നെ. 


എസ്.പി ദേശീയദ്ധ്യക്ഷനും മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും വോട്ടിംഗ് യന്ത്രം തകരാറിലായതായി ട്വീറ്റ് ചെയ്തു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്ക് പകരം ബാലറ്റിലേക്ക് മടങ്ങിപോകണമെന്ന് എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലും ആവശ്യപ്പെട്ടു. 


അതേസമയം, വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറില്ലെന്നും ചിലയിടങ്ങളില്‍ സ്ഥാപിച്ചിരുന്ന വിവിപാറ്റ് സംവിധാനത്തിലാണ് തകരാറ് കണ്ടെത്തിയതെന്നും ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഒ.പി.റാവത്ത് അറിയിച്ചു.