ന്യൂഡല്‍ഹി: ഗുജറാത്തിലെ ആറ് പോളിംഗ് സ്റ്റേഷനുകളില്‍ നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. വഡ്ഗാം, വിരാമ്ഗാം, ദാസ്ക്രോയ്, സാവ്ലി എന്നിവിടങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്. കൂടാതെ 10 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകള്‍ വിവിപാറ്റ് രസീതുകള്‍ എണ്ണിയാകും തീരുമാനിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ബൂത്തുകളിലെ വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്‍പ് വോട്ടിംഗ് യന്ത്രം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിക്കുന്നതിന് വേണ്ടി വരണാധികാരി ചെയ്ത വോട്ടുകള്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് മായ്ച്ചു കളഞ്ഞിരുന്നില്ല. ഇതു മൂലമാണ് ഈ ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണുവാന്‍ തീരുമാനം എടുത്തത്. 


റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ നേരത്തെ വ്യാപകമായ സാങ്കേതിക തടസങ്ങള്‍ നേരിട്ടിരുന്നു. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തീരുമാനമായത്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍ നിശ്ചയിച്ചിരിക്കുന്നത്.