ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് മാപ്പു നല്‍കാനപേക്ഷിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് കത്ത്. കത്തെഴുതിയത് മറ്റാരുമല്ല, പ്രതികളുടെ വധശിക്ഷ ശരിവച്ച മൂന്നംഗ ബഞ്ചിലെ അംഗമായിരുന്ന റിട്ട. ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1991 മുതല്‍ ജയിലില്‍ കഴിയുന്ന ഇവരോട് ഔദാര്യം കാണിക്കണമെന്നും ശിക്ഷയില്‍ ഇളവനുവദിക്കുന്നത് സമ്മതമാണെന്ന് അറിയിക്കണമെന്നുമാണ് കത്തിലെ ഉള്ളടക്കം. ഒക്ടോബര്‍ 18നാണ് ജസ്റ്റിസ് തോമസ് കത്തെഴുതിയിട്ടുള്ളത്.


‘വളരെക്കാലമായി ജയിലില്‍ കഴിയുന്ന ഇവരുടെ ശിക്ഷ ഇളവ് ചെയ്യാന്‍ സമ്മതമാണെന്ന് താങ്കളും രാഹുല്‍ജിയും പ്രിയങ്കയും പ്രസിഡന്റിനെ അറിയിക്കുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാരും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കൈക്കൊള്ളാന്‍ സാധ്യതയുണ്ട്. മാനുഷിക പരിഗണന വെച്ച് താങ്കള്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു പ്രവൃത്തിയാണിത്. ഈ കേസില്‍ വിധി പറഞ്ഞ ജഡ്ജി എന്ന നിലക്ക് ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍ പെടുത്താനുള്ള ഉത്തരവാദിത്തം എനിക്കുണ്ടെന്ന് കരുതുന്നു.’


തടവില്‍ കഴിയുന്നവരോട് കരുണ കാണിച്ചാല്‍ ദൈവം സന്തോഷിക്കുകയേ ഉള്ളൂ എന്നാണ് കരുതുന്നതെന്നു പറഞ്ഞ അദ്ദേഹം താന്‍ പറഞ്ഞ കാര്യങ്ങള്‍ വിഷമിപ്പിക്കുന്നുവെങ്കില്‍ ക്ഷമിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.


മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയെ കുറ്റവിമുക്തനാക്കിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സോണിയയോട് കാര്യമവതരിപ്പിച്ചിരിക്കുന്നത്. ഗാന്ധിവധത്തില്‍ ഗോഡ്‌സെ പേരിലുള്ള കുറ്റവും ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നതായിരുന്നു. 14 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 1964ല്‍ കേന്ദ്രസര്‍ക്കാറാണ് ഗോഡ്‌സെയെ കുറ്റവിമുക്തനാക്കിയത്.


പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള 2014ലെ തമിഴ് നാട് സര്‍ക്കാറിന്‍റെ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാറാണ് സുപ്രിംകോടതിയെ സമീപിച്ചത്. വിഷയം ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.


1991 മെയ് 21നാണ് ചാവേറാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. മുരുകന്‍, സന്താന്‍, പേരറിവാളന്‍, നളിനി, റോബര്‍ട്ട് പയാസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്.