ന്യൂഡല്‍ഹി:   ഇന്ത്യാ ചൈനാ  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി  ജനറല്‍ മനോജ് മുകുന്ദ് നരവനെ ലഡാക്കില്‍.... 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ സുരക്ഷിതത്വവും പരമാധികാരവും ഏത് വിധേനയും സംരക്ഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിന് പിന്നാലെയാണ് നിര്‍ണ്ണായക സന്ദര്‍ശനത്തിനായി കരസേനാ മേധാവി ലഡാക്കിലെ സൈനികാസ്ഥാനമായ ലേയില്‍ എത്തിയത്. 


യഥാര്‍ഥ നിയന്ത്രണരേഖ (LAC)യിലെ സ്ഥിതിഗതികള്‍ വിലയിരുത്തുക എന്നതായിരുന്നു സന്ദര്‍ശനത്തിന്‍റെ മുഖ്യ അജണ്ട. ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മില്‍ ഏ​റ്റു​മു​ട്ട​ല്‍ നടന്ന മൂന്നു പ്രദേശങ്ങളിലെ സ്ഥിതിഗതികളാണ് കരസേനാ മേധാവി വിലയിരുത്തിയത്. 
വടക്കന്‍ സൈനിക കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ വൈ.കെ ജോഷി, 14 കോര്‍പ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ ഹരീന്ദര്‍ സിംഗ്, ലെയിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍ എന്നിവരുമായാണ് നിര്‍ണ്ണായക  കൂടിക്കാഴ്ച നടന്നത്.  


മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് അതിര്‍ത്തിയിലെ  സ്ഥിതിഗതികള്‍ വിശദീകരിച്ചു നല്‍കി. നിയന്ത്രണ രേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ കുറിച്ചും സൈനിക വിന്യാസത്തെക്കുറിച്ചും അദ്ദേഹം അവലോകനം ചെയ്തു.


അ​തി​ര്‍​ത്തി​യി​ല്‍ അടുത്തിടെ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ലുണ്ടായ ഏ​റ്റു​മു​ട്ട​ലില്‍ ഇ​രു​ഭാ​ഗ​ത്തു​മാ​യി 11 സൈ​നി​ക​ര്‍​ക്ക്​ പ​രി​ക്കേ​റ്റിരുന്നു. വ​ട​ക്ക​ന്‍ സി​ക്കി​മി​ലെ നാ​കുല ​ചുരത്തിലാണ്​​ ഇ​രു​പ​ക്ഷ​വും ത​മ്മി​ല്‍ സംഘര്‍ഷമു​ണ്ടാ​യ​ത്. നാ​ല്​ ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്കും ഏ​ഴ്​ ചൈ​നീ​സ്​ സൈ​നി​ക​ര്‍​ക്കു​മാ​ണ്​ പ​രി​ക്കേ​റ്റ​തെ​ന്ന്​ സൈ​ന്യം പ്ര​സ്​​താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന്​​ സൈ​നി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ്ര​കാ​രം ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ല്‍ പ്ര​ശ്​​നം പ​രി​ഹ​രി​ച്ചു. ഇ​രു​ഭാ​ഗ​ത്തേ​യും 150ഓ​ളം സൈ​നി​ക​രാ​ണ്​​ പ​ര​സ്​​പ​രം പോ​ര​ടി​ച്ച​ത്. 


ഇന്ത്യയും ചൈനയും തമ്മില്‍ മെയ് ആദ്യവാരം മുതല്‍  അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇതേത്തുടര്‍ന്ന്  ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക ബലം വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്.  ചൈന  പാങ്കോംഗ് സോയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ  സൈനികരുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കുകയും തടാകത്തിലേക്ക് കൂടുതൽ ബോട്ടുകൾ എത്തിക്കുകയും ചെയ്തിരിയ്ക്കുകയാണ്.  


ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ തികച്ചും  പ്രകോപനപരമെന്ന്  അമേരിക്കയും വിമര്‍ശിച്ചിരുന്നു.