ന്യൂഡൽഹി: ബിജെപി ആര്‍എസ്എസിന്‍റെ അജണ്ടയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര മാനവശേഷി വികസന സഹമന്ത്രിയും രാഷ്ട്രീയ ലോക്സമതാ പാർട്ടി (ആർഎൽഎസ്പി) നേതാവുമായ ഉപേന്ദ്ര കുശ്‌വാഹയുടെ ആരോപണം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിതീഷ് കുമാർ ലോക് സമതാ പാര്‍ട്ടിയെയും ഉപേന്ദ്ര കുശ്‌വാഹയേയും ഇല്ലാതാക്കാനാണ് ശ്രമം നടത്തുന്നത്. എന്നാല്‍ എനിക്കോ എന്‍റെ പാര്‍ട്ടിയ്ക്കോ ഒരു ക്ഷതവും വരുത്തുവാന്‍ നിതീഷ് കുമാറിന് കഴിഞ്ഞിട്ടില്ല. എന്‍ഡിഎ ജനങ്ങളെ ചതിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു. എന്‍ഡിഎയില്‍നിന്നും രാജിവച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.   


ബീഹാറിന്‍റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. ബീഹാറിന്‍റെ നല്ലകാലം വരുമെന്ന് ഉറപ്പും നല്‍കിയിരുന്നു. പ്രത്യേക പാക്കേജ് ബീഹാറിന് അനുവദിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ബീഹാറില്‍ യാതൊരുവിധ വികസനവും നടന്നിട്ടില്ല അദ്ദേഹം പറഞ്ഞു. 


വിദ്യാഭ്യാസ മേഘലകളില്‍ പുരോഗതി കൈവരുത്തുന്നതിന് ബീഹാര്‍ സര്‍ക്കാറിന് സാധിച്ചിട്ടില്ല. കൂടാതെ, ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് നടത്തുമെന്നും പോരായ്മകള്‍ പരിഹരിക്കുമെന്നും കണ്ട്ര സര്‍ക്കാര്‍ വാക്ക് നല്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ വാക്ക് പാലിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.  


എന്‍ഡിഎ വിട്ട ഉപേന്ദ്ര കുശ്‌വാഹ കടുത്ത ആരോപണങ്ങളാണ് പാര്‍ട്ടിയ്ക്കും ദേശീയ നേതൃത്വത്തിനും നേരെ ഉന്നയിച്ചത്. 


കഴിഞ്ഞ കുറേ മാസങ്ങളായി ബീഹാറിലെ എന്‍ഡിഎ സഖ്യത്തില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. അതിന്‍റെ മൂര്‍ധന്യമെന്നവണ്ണം ഉപേന്ദ്ര കുശ്‌വാഹ എന്‍ഡിഎയില്‍ നിന്നും രാജിവയ്ക്കുകയായിരുന്നു.


ബീഹാറില്‍ എന്‍ഡിഎ സഖ്യം അന്യോന്യം അത്ര രസത്തിലല്ല എന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് രാജി.


അതേസമയം, ആര്‍എല്‍എസ്പിയുടെ വിമത എംപി അരുണ്‍ കുമാര്‍ ഉള്‍പ്പടെയുള്ള രണ്ട് എംപിമാര്‍ക്ക് കുശ്വാഹ എന്‍ഡിഎ വിടുന്നതിനോട് യോജിപ്പില്ല. വിമത എംപി എന്‍ഡിഎയ്ക്കുള്ള തന്‍റെ പിന്തുണ പിന്‍വലിയ്ക്കില്ലെന്ന് ഉറപ്പിച്ച് പറയുന്നു.


ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തർക്കമാണ് രാജിയില്‍ കലാശിച്ചത്. ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പിയും രാം വിലാസ് പാസ്വാന്‍റെ ലോക് ജനശക്തി പാർട്ടിയും ബീഹാറില്‍ എന്‍ഡിഎ നല്‍കിയിരിക്കുന്ന സീറ്റു വിഹിതത്തില്‍ സന്തുഷ്ടരല്ല എന്നുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.


2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുപോലെ 10 സീറ്റ് വേണമെന്നാണ് കുശ്‌വാഹയും പാസ്വാനും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിജെപി നേതൃത്വം നടത്തിയ സീറ്റ് വിഭജനത്തില്‍ 8 സീറ്റ് മാത്രമേ ഇരു പാര്‍ട്ടികള്‍ക്കുമായി ലഭിക്കുകയുള്ളൂ. അവസാനം പുറത്തുവന്ന സീറ്റ് വിഹിതമനുസരിച്ച് ആകെയുള്ള 40 സീറ്റില്‍ 16 സീറ്റുകളിൽവീതം ബിജെപിയും ജെഡി(യു)വും മത്സരിക്കും. 


മാസങ്ങളായി എന്‍ഡിഎയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതിന് കുശ്‌വാഹ പദ്ധതിയിട്ടിരുന്നു എന്ന് വേണം കരുതാന്‍. കാരണം, കഴിഞ്ഞ മാസം അദ്ദേഹം, ലോക് താന്ത്രിക് ജനതാദള്‍ നേതാവും മുന്‍ എൻഡിഎ കൺവീനറുമായ ശരദ് യാദവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ആര്‍.ജെ.ഡി നേതാക്കളുമായും അദ്ദേഹം സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു.   


കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്ന സീറ്റ് വിഭജനത്തിൽ അന്തിമതീരുമാനം കാണാനാകാതെ ബിജെപി നേതൃത്വവും വലയുകയാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ബീഹാര്‍ നിര്‍ണ്ണായകമായ ഒരു സംസ്ഥാനമാണ്. ഒരു തരത്തിലും നിതീഷ് കുമാറിനെ പിണക്കാന്‍ ബിജെപി തയ്യാറല്ല. മുന്നണിയുമായുള്ള ബന്ധ൦ മോശമായാല്‍ കളം മാറ്റി ചവിട്ടുന്ന നിതീഷിനെ മയപ്പെടുത്തി കൂടെ നിര്‍ത്താന്‍ ബിജെപി ആവത് ശ്രമിക്കുന്നുണ്ട്.


2014ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപിയെ സംബന്ധിച്ചിടത്തോളം 2019ലെ തിരഞ്ഞെടുപ്പ് വളരെ നിര്‍ണ്ണായകമാണ്. സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനും കൂടുതല്‍ ചെറു പാര്‍ട്ടികളെ ഒപ്പം ചേര്‍ക്കാനുമുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വത്തിന് തിരിച്ചടി നല്‍കി ഉപേന്ദ്ര കുശ്‌വാഹ സഖ്യം വിടുന്നത്.