ഇന്ത്യക്ക് ഓക്സിജൻ നൽകാൻ തയ്യാറെന്ന് റഷ്യയും ചൈനയും
ആവശ്യത്തിന് ഓക്സിജൻ ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപ്പൂരും ചൈനയും. ഓക്സിജനും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു
ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യത്തിന് ഓക്സിജൻ (Oxygen) ലഭ്യമല്ലാത്ത ഗുരുതര സാഹചര്യം നേരിടുന്നതിനിടെ ഇന്ത്യയ്ക്ക് (India) സഹായ വാഗ്ദാനവുമായി റഷ്യയും സിംഗപ്പൂരും ചൈനയും. ഓക്സിജനും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു.
15 ദിവസത്തിനുള്ളിൽ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കി. ആഴ്ചയിൽ നാല് ലക്ഷം വരെ റെംഡിസിവിർ (Remdesivir) ഡോസ് നൽകാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. കപ്പൽ വഴി റഷ്യയിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്. പ്രതിദിനം മൂന്ന് ലക്ഷത്തിലധികം രോഗബാധ റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയിൽ പല ആശുപത്രികളും ഓക്സിജനും മരുന്നുമില്ലാതെ ഗുരുതരമായ സാഹചര്യം നേരിടുമ്പോഴാണ് വിദേശരാജ്യങ്ങളുടെ സഹായവാഗ്ദാനം.
ALSO READ: ഓക്സിജൻ ക്ഷാമം രൂക്ഷം; ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 24 മണിക്കൂറിനിടെ 25 മരണം
ഇന്ത്യയിലെ കൊവിഡ് സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിന് അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ തയ്യാറാണെന്ന് ചൈനയും അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഓക്സിജൻ ഇറക്കുമതി ചെയ്യാൻ ആലോചിക്കുന്നതായി ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൾഫ് രാജ്യങ്ങൾ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ ഓക്സിജൻ ഇറക്കുമതിക്ക് ശ്രമിക്കുന്നത്. എന്നാൽ ചൈനയിൽ നിന്ന് ഇവ സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്ത് ഓക്സിജൻ നീക്കത്തിന് വ്യോമസേന വിമാനങ്ങൾ (Airforce) ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വ്യോമസേനയുടെ സി 17, ഐഎൽ 17 വിഭാഗത്തിൽപ്പെട്ട വിമാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക. ഒഴിഞ്ഞ സിലിണ്ടറുകൾ വ്യോമസേന വിമാനങ്ങളിൽ കൊണ്ടുപോകും. ഓക്സിജൻ നിറച്ച ശേഷം റോഡ് മാർഗം തിരികെ കൊണ്ടുവരും.
ജർമനിയിൽ നിന്ന് മൊബൈൽ ഓക്സിജൻ പ്ലാന്റുകൾ ഇറക്കുമതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 23 മൊബൈൽ പ്ലാന്റുകൾ കൊണ്ടുവരാനാണ് നീക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.