സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം; ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
താരം ചികിത്സയ്ക്കായി അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് പോകുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദം. അർബുദം സ്റ്റേജ് 3 ൽ എത്തിയതായാണ് റിപ്പോർട്ട്. ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന.
താരം ചികിത്സയ്ക്കായി അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് പോകുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ഇക്കാര്യം Adhyayan Summan ആണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനിടയിലിൽ സിനിമയിൽ നിന്നും താൻ കുറച്ചുകാലം വിട്ടുനിൽക്കുകയാണെന്ന് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹത്തിന് അർബുദമാണെന്ന വാർത്തകൾ പുറത്തു വന്നത്.
ആരോഗ്യ സംബന്ധമായ ചില കാരണങ്ങളാലാണ് താൻ സിനിമയിൽ നിന്നും ഇടവേള എടുക്കുന്നതെന്ന് സഞ്ജയ് ദത്ത് കുറിച്ചിരുന്നു. ഊഹാപോഹങ്ങളിൽ പെട്ട് ആരും പരിഭ്രമിക്കരുതെന്നും നിങ്ങളുടെ സ്നേഹവും അനുഗ്രഹവും ഉണ്ടാകണമെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചിരുന്നു.
ആഗസ്റ്റ് 8 ന് കടുത്ത നെഞ്ചുവേദനയും ശ്വാസതടസ്സവും കാരണമാണ് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോറോണ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു. തിങ്കളാഴ്ച അദ്ദേഹം ആശുപത്രിയിൽ നിന്നും വീട്ടിലെത്തുകയും ചെയ്തിരുന്നു.