സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ച പട്ടേല്‍ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്.
അഹമ്മദാബാദ്: ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ 182 മീറ്റര്‍ പൊക്കമുള്ള പ്രതിമ 'സ്റ്റാച്യൂ ഓഫ് യൂണിറ്റി' അദ്ദേഹത്തിന്‍റെ ജന്മശതാബ്ദി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ 143-ാം ജനമദിനം ആണിന്ന്.
ഗുജറാത്തിലെ നര്‍മദ ജില്ലയില്‍ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായി നിര്‍മിച്ച പട്ടേല്‍ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. പ്രതിമയ്ക്കു സമീപം നിര്‍മിച്ച ‘ഐക്യത്തിന്‍റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 177 അടി ഉയരമുള്ള ചൈനയിലെ സ്പ്രിംഗ് ടെംപിൾ ഓഫ് ബുദ്ധയെ പിന്തള്ളിയാണ് ഈ പ്രതിമ ഉയരത്തിൽ ഒന്നാമതാകാനൊരുങ്ങുന്നത്. 2389 കോടിയാണ് പ്രതിമാ നിർമ്മാണത്തിന് വന്നിരിക്കുന്ന ചെലവ്.
സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം, കണ്‍വന്‍ഷന്‍ സെന്റര്‍, പൂക്കളുടെ താഴ്‌വര, വിനോദസഞ്ചാരികള്‍ക്കായുള്ള ടെന്റ് സിറ്റി തുടങ്ങി ഒട്ടേറെ പദ്ധതികള്‍ ഉള്‍പ്പെട്ടതാണ് പ്രതിമാ സമുച്ചയം. പ്രതിമയ്ക്കുള്ളിലൂടെ മുകളിലെത്താനുള്ള സംവിധാനമുണ്ട്. 135 മീറ്റര്‍ ഉയരത്തിലുള്ള തട്ടില്‍നിന്നു പുറംകാഴ്ചകള്‍ കാണാം.
ഉദ്ഘാടനച്ചടങ്ങു നടക്കുമ്പോള്‍ വ്യോമസേനാ വിമാനങ്ങള്‍ ആകാശത്ത് ത്രിവര്‍ണപതാകയുടെ രൂപം വരയ്ക്കും. ഹെലികോപ്ടറുകള്‍ പൂക്കള്‍ വര്‍ഷിക്കും. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും.
എന്നാൽ പ്രതിമ അനാച്ഛാദനത്തിനെതിരെ അഹമ്മദാബാദിലെ ഗോത്രസമൂഹങ്ങളും കർഷകരും വൻ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന്‍ പ്രദേശത്തെ ആദിവാസി നേതാക്കള്‍ അറിയിച്ചു. പ്രതിമ സ്ഥിതി ചെയ്യുന്ന നര്‍മ്മദ ജില്ലയിലെ കെവാദിയ ഗ്രാമത്തിന് സമീപമുള്ള ഗോത്രവര്‍ഗ്ഗക്കാരാണ് പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്. പ്രതിമ നിർമ്മിക്കാനും തൊട്ടടുത്ത പ്രദേശങ്ങളിലെ ടൂറിസം വികസനത്തിനുമായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കയ്യേറി എന്നാണ് ഗോത്രസമൂഹങ്ങളുടെ ആരോപണം.
മാത്രമല്ല പ്രതിമാനിര്‍മാണത്തിനായി വ്യാപകമായ പ്രകൃതിനശീകരണമുണ്ടായെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ദാര്‍ സരോവര്‍ ഡാം പരിസരത്തുള്ള 22 ഗ്രാമങ്ങളിലെ ഗ്രാമത്തലവന്മാര്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ തങ്ങളില്ലെന്ന് നേരത്തെ കത്തെഴുതിയിരുന്നു. ഒക്ടോബർ 31 മരണവീടായി ആചരിക്കാനാണ് ഇവരുടെ തീരുമാനം. ഭക്ഷണം പാകം ചെയ്യാതെ ദുഖം ആചരിച്ച് പ്രതിഷേധിക്കുമെന്ന് ഇവർ വെളിപ്പെടുത്തുന്നു. ഗോത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിർമ്മിച്ചതല്ലാതെ ഇവർക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സർക്കാർ നൽകിയിട്ടില്ല.
സ്‌കൂള്‍, ആശുപത്രി, കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത മേഖലയില്‍ ശതകോടികള്‍ ചെലവഴിച്ചു പ്രതിമ നിര്‍മിക്കുന്നതിനെ ഗ്രാമവാസികള്‍ എതിര്‍ത്തു വരികയായിരുന്നു.