ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതതത്വം തുടരുന്നതിനിടെ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ശശികലയുടെ തന്ത്രം. ശശികല വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത 131 എം.എല്‍.എമാരെയാണ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്. പാര്‍ടി ആസ്ഥാനത്തുനിന്ന് പ്രത്യേകമായി സജ്ജീകരിച്ച മൂന്ന് ബസ്സുകളിലാണ് എം.എല്‍.എമാരെ കൊണ്ടുപോയത്. ചെന്നൈ വിമാത്താവളത്തിനു സമീപമുള്ള ഒരു നക്ഷത്ര ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയതെന്നും റിപ്പോര്‍ട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പനീര്‍ശെല്‍വമോ മറ്റുള്ളവരോ സ്വാധീനിക്കാതിരിക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തല്‍. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കത്തിനെതിരെ കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ശക്തമായി രംഗത്ത് വന്നിരുന്നു.  


നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് പനീര്‍സെല്‍വം പറഞ്ഞതോടെയാണ് ശശികല എംഎല്‍എമാരുടെ യോഗം വിളിച്ചത്.
പനീർസെൽവം ഉൾപ്പെടെ മൂന്നു എംഎൽഎമാർ മാത്രമാണ് യോഗത്തിന് എത്താതിരുന്നത്. ഗവർണർ വരുന്നത് വരെ എംഎൽഎമാർ ഹോട്ടലിൽ തുടരുമെന്നാണ് റിപ്പോർട്ട്. 


ഗവര്‍ണര്‍ നിയമോപദേശം തേടിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ശശികലയുടെ സത്യപ്രതിജ്ഞ മാറ്റിവെച്ചത്. ശശികലയുടെ സത്യപ്രതിജ്ഞ ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു മനഃപൂര്‍വം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് എംഎല്‍എമാര്‍ രാഷ്ട്രപതിയെ കാണുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരാണ് വേണ്ടത്.