ന്യൂ‍ഡല്‍ഹി: പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഉത്തരവിനെതിരെ കേന്ദ്രം സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമത്തിലെ ഭേദഗതി സംബന്ധിച്ച് തുറന്ന കോടതിയില്‍ വാദം കേള്‍ക്കെമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിനെതിരെ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അക്രമാസക്തമായതിന് പിന്നാലെയാണ് കേന്ദ്രം പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്. 


കേസിന്‍റെ വാദം തുറന്ന കോടതിയില്‍ നടത്തണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പട്ടികജാതി/വർഗ പീഡന നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന നടപടിയാണ് സുപ്രീംകോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവെന്നാണ് ദളിത് സംഘടനകളുടെ ആരോപണം. 


കേന്ദ്രസര്‍ക്കാരിനായി സാമൂഹ്യനീതി വകുപ്പാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പട്ടികജാതി/വർഗ പീഡനനിയമം ദുര്‍ബലപ്പെടുത്തുന്നത് ദളിതര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു.