`ചാണക ചിപ്പ്` റേഡിയേഷന്‍ കുറയ്ക്കുമോ? തെളിവ് ആവശ്യപ്പെട്ട് ശാസ്ത്രലോകം
പശു ചാണക ചിപ്പിന് (Cow dung chips) റേഡിയേഷന്‍ (radiation) തടയാന്‍ സാധിക്കുമെന്ന രാഷ്ട്രീയ കാമധേനു അയോഗിന്‍റെ അവകാശവാദങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കണമെന്ന ആവശ്യവുമായി ഒരു പറ്റം ശാസ്ത്രജ്ഞര്‍ രംഗത്ത്...!!
New Delhi: പശു ചാണക ചിപ്പിന് (Cow dung chips) റേഡിയേഷന്‍ (radiation) തടയാന്‍ സാധിക്കുമെന്ന രാഷ്ട്രീയ കാമധേനു അയോഗിന്‍റെ അവകാശവാദങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കണമെന്ന ആവശ്യവുമായി ഒരു പറ്റം ശാസ്ത്രജ്ഞര്‍ രംഗത്ത്...!!
ഗോ മൂത്രം പോലെ ചാണകത്തിനും നിരവധി ഗുണങ്ങള്‍ ഉണ്ടെന്നും, റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന ചിപ്പുകള്‍ പശുചാണകം കൊണ്ട് നിര്‍മ്മിക്കുന്നതായും കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ കാമധേനു അയോഗ് (Rashtriya Kamdhenu Aayog) ചെയര്‍മാന്‍ വല്ലഭഭായ് കതിരിയ മാധ്യമങ്ങളോട് പറഞ്ഞത്.
രാഷ്ട്രീയ കാമധേനു അയോഗിന്‍റെ കീഴില്‍ രാജ്യത്തെ 500 ഓളം ഗോ ശാലകള്‍ ഇത്തരം ചാണകം കൊണ്ടുള്ള റേഡിയേഷന്‍ തടയാന്‍ സാധിക്കുന്ന ചിപ്പ് നിര്‍മ്മിക്കുന്നുണ്ടെന്നും, അത് 50 മുതല്‍ 100 രൂപവരെ വിലയ്ക്ക് ലഭിക്കുമെന്നും. ഇത് കയറ്റുമതി വരെ ചെയ്യുന്ന വ്യക്തികളുണ്ടെന്നും വല്ലഭഭായ് കതിരിയ അവകാശപ്പെട്ടിരുന്നു.
വല്ലഭഭായ് കതിരിയ നടത്തിയ ഈ അവകാശ വാദത്തിനെതിരെയാണ് ഇപ്പോള്‍ ശാസ്ത്രലോകം രംഗത്തെത്തിയത്. കതിരിയ നടത്തിയ അവകാശവാദത്തിന് തെളിവ് ആവശ്യപ്പെട്ട് രാജ്യത്തെ നാനൂറോളം ശാസ്ത്രജ്ഞരാണ് രാഷ്ട്രീയ കാമധേനു അയോഗിന് കത്തെഴുതിയത്. ഇത്തരമൊരു അവകാശവാദം ഉയര്‍ത്താന്‍ രാഷ്ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭഭായ് കതിരിയയ്ക്ക് ഈ വിവരം ലഭിച്ചതെവിടെ നിന്നാണെന്നും ശാസ്ത്രജ്ഞര്‍ ആവശ്യപ്പെട്ടതായാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ 13നാണ് ചാണക ചിപ്പുകള്‍ പുറത്തിറക്കിയ വിവരം വല്ലഭഭായ് കതിരിയ മാധ്യമങ്ങളെ അറിയിച്ചത്.
ചാണക ചിപ്പ് മാത്രമല്ല, ദീപാവലിയ്ക്ക് മുന്നോടിയായി ചാണക ചിരാതും പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ് നിര്‍മ്മിക്കുന്നുണ്ട്. ചാണകവും മണ്ണും ചേര്‍ത്താണ് ഇത്തരം സ്പെഷ്യല്‍ മണ്‍വിളക്കുകള്‍ നിര്‍മ്മിക്കുന്നത്. ഏകദേശം 33 കോടി പരിസ്ഥിതി സൗഹൃദ ചിരാതുകളാണ് രാഷ്ട്രീയ കാമധേനു ആയോഗിന് കീഴില്‍ നിര്‍മ്മിക്കുക.
ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യന്‍ വിപണി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ കാമധേനു ആയോഗ് ഈ മുന്നേറ്റം നടത്തുന്നത്. ചൈനയില്‍ നിര്‍മ്മിച്ച പ്ലാസ്റ്റിക് വിളക്കുകള്‍ ഒഴിവാക്കി, സ്വദേശി പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ ആശയം മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ ദീപങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ആയോഗ് ചെയര്‍മാന്‍ വല്ലഭഭായ് കതിരിയ പറഞ്ഞു.
Also read: ചാണക ചിപ്പ്, ചാണക ചിരാത്, പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ്
രാജ്യത്തെ കന്നുകാലികളുടെ സംരക്ഷണം, പരിപാലനം എന്നിവ ലക്ഷ്യമിട്ട് 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിവിധ ഉത്സവങ്ങളുടെ ഭാഗമായി ചാണകങ്ങള്‍ കൊണ്ടുള്ള ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുളള ഒരു ക്യാമ്പയിനും ഇവര്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.