ചാണക ചിപ്പ്, ചാണക ചിരാത്, പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് രാഷ്ട്രീയ കാമധേനു ആയോഗ്

 

Last Updated : Oct 14, 2020, 05:36 PM IST
  • ഇത്തവണ Deepawaliയ്ക്ക് ചൈനീസ് ദീപങ്ങളോട് പൂര്‍ണ്ണമായും വിട പറയാം... കാരണം, ചാണകവും മണ്ണും ചേര്‍ത്ത് നിര്‍മ്മിച്ച സ്പെഷ്യല്‍ മണ്‍വിളക്കുകള്‍ വരുന്നു...
  • രാഷ്ട്രീയ കാമധേനു ആയോഗ് ആണ് പുതിയ ഉത്പന്നവുമായി എത്തുന്നത്.
  • ഏകദേശം 33 കോടി പരിസ്ഥിതി സൗഹൃദ ചിരാതുകളാണ് രാഷ്ട്രീയ കാമധേനു ആയോഗിന് കീഴില്‍ നിര്‍മ്മിക്കുക.
ചാണക ചിപ്പ്, ചാണക  ചിരാത്, പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട്  രാഷ്ട്രീയ കാമധേനു ആയോഗ്

 
New Delhi: ഇത്തവണ Deepawaliയ്ക്ക്  ചൈനീസ് ദീപങ്ങളോട് പൂര്‍ണ്ണമായും വിട പറയാം... കാരണം, ചാണകവും  മണ്ണും ചേര്‍ത്ത് നിര്‍മ്മിച്ച സ്പെഷ്യല്‍  മണ്‍വിളക്കുകള്‍ വരുന്നു...

രാഷ്ട്രീയ കാമധേനു ആയോഗ്  ആണ് പുതിയ ഉത്പന്നവുമായി എത്തുന്നത്. ഏകദേശം  33 കോടി പരിസ്ഥിതി സൗഹൃദ ചിരാതുകളാണ് രാഷ്ട്രീയ കാമധേനു ആയോഗിന് കീഴില്‍ നിര്‍മ്മിക്കുക. 

ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യന്‍ വിപണി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ കാമധേനു ആയോഗ് ഈ മുന്നേറ്റം നടത്തുന്നത്.  ചൈനയില്‍ നിര്‍മ്മിച്ച പ്ലാസ്റ്റിക്  വിളക്കുകള്‍ ഒഴിവാക്കി, സ്വദേശി പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ ആശയം മുന്‍നിര്‍ത്തിയാണ്  ഇത്തരത്തില്‍ ദീപങ്ങള്‍ നിര്‍മ്മിക്കുന്നതെന്ന് ആയോഗ് ചെയര്‍മാന്‍ വല്ലഭഭായ് കതിരിയ പറഞ്ഞു. 

രാജ്യത്തെ കന്നുകാലികളുടെ സംരക്ഷണം, പരിപാലനം എന്നിവ ലക്ഷ്യമിട്ട്  2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിവിധ ഉത്സവങ്ങളുടെ ഭാഗമായി ചാണകങ്ങള്‍ കൊണ്ടുള്ള ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുളള ഒരു ക്യാമ്പയിനും  ഇവര്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ നീക്കം.

"രാജ്യത്തെ  15ലധികം സംസ്ഥാനങ്ങളാണ് ഈ പ്രചാരണത്തിന്‍റെ ഭാഗമാകുന്നത്.  അയോധ്യയില്‍ ഇപ്രകാരം നിര്‍മ്മിച്ച മൂന്ന് ലക്ഷം ദീപങ്ങള്‍ തെളിയിക്കും. വാരാണസിയില്‍ ഒരു ലക്ഷം ദീപങ്ങളും തെളിയിക്കും. ദീപാവലിക്ക് മുന്‍പ് തന്നെ 33 കോടി ചെരാതുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. കൊറോണയെ തുടര്‍ന്ന് പ്രതിസന്ധിയിലായ നിരവധി കുടുംബങ്ങള്‍ക്ക് സ്വയം തൊഴിലെന്ന നിലയിലും ഈ സംരംഭം ഏറെ സഹായകരമാകും",  കതിരിയ പറഞ്ഞു.

അതേസമയം, രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കുന്ന  ചാണക ചിപ്പ് വിവാദങ്ങള്‍ക്കും പരിഹാസത്തിനും ഇടയാക്കി. മൊബൈലില്‍ നിന്നുള്ള റേഡിയേഷന്‍ കുറയ്ക്കുമെന്നായിരുന്നു  അവകാശവാദം. ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് മാത്രമല്ല, ഇതിനായി ചാണകത്തില്‍ നിര്‍മിച്ച ഒരു ചിപ്പ് രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കിയിട്ടുണ്ടെന്നും ചിപ്പ്  പ്രദര്‍ശിപ്പിച്ച് ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളത്തില്‍ അദ്ദേഹം അവകാശപ്പെട്ടു.

ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ ഗോസത്വ കവച് എന്നാണ് ഈ ചിപ്പിന് നല്‍കിയിരിക്കുന്ന പേര്. രാജ്കോട്ടിലെ ശ്രീജി ഗോശാലയാണ് ചിപ്പ് വികസിപ്പിച്ചത്. 

ഈ ചിപ്പ് ഫോണില്‍ ഉപയോഗിക്കുകയാണെങ്കില്‍ അത് ഫോണില്‍ നിന്നുള്ള റേഡിയേഷനെ കുറയ്ക്കും. അസുഖങ്ങളില്‍ നിന്ന് രക്ഷ തേടണമെങ്കില്‍ ഈ ചിപ്പ്  ഫോണില്‍ ഉപയോഗിക്കാമെന്നായിരുന്നു  ചിപ്പ് പരിചയപ്പെടുത്തിക്കൊണ്ട് വല്ലഭഭായ് കതിരിയ പറഞ്ഞത്. ചാണകം വെറുതെ വീട്ടില്‍ സൂക്ഷിക്കുന്നത് പോലും റേഡിയേഷനെ ചെറുക്കുന്നുണ്ടെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ 500 ലധികം ഗോശാലകള്‍ ഇപ്പോള്‍ ചിപ്പ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുണ്ട്. 50 മുതല്‍ 100 രൂപ വരെയാണ് ഇത്തരത്തിലുള്ള ചിപ്പിന്‍റെ വില. ഈ ചിപ്പിന് ഏതെങ്കിലും അംഗീകൃത ലബോട്ടറി പരിശോധിച്ച്‌ അംഗീകാരം നല്‍കിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതില്ലെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

 

Trending News