ന്യൂഡല്‍ഹി: കഴിഞ്ഞ 77 ദിവസമായി പൗരത്വ ഭേദഗതി നിയമം, NRC എന്നിവയ്ക്കെതിരായി പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 1ന് ഹിന്ദുസേന‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. എന്നാല്‍, പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിച്ചുവെന്ന് ഡല്‍ഹി പോലീസ് പറയുന്നു. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
 
അതേസമയം, പ്രക്ഷോഭകരെ ഒഴിപ്പിക്കുമെന്ന് ഹിന്ദുസേന‍ ഭീഷണി മുഴക്കിയിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുള്ളത്


കഴിഞ്ഞ 77 ദിവസമായി ഡല്‍ഹിയിലെ ഷഹീന്‍ ബാഗ്‌ എന്ന സ്ഥലത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ സംഘം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ത്രീകള്‍ നടത്തുന്ന സമരം എന്ന നിലയിലാണ് ഷാഹീന്‍ ബാഗ്‌ വാര്‍ത്തകളില്‍ ഇടം നേടിയത്. ഇവര്‍ നടത്തുന്ന പ്രതിഷേധം ശാന്തമാണ്‌ എങ്കിലും മുഖ്യ പ്രശ്നം വഴി തടഞ്ഞിരിക്കുന്നതാണ്. ഇവരുടെ സമരം മൂലം ഡല്‍ഹിയേയും ഉത്തര്‍ പ്രദേശിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാളിന്ദി കുഞ്ച്-ഷഹീൻ ബാഗ് റോഡ്‌ ഗതാഗതമാണ് തടസ്സപ്പെട്ടിരിക്കുന്നത്.


ഈ റോഡ്‌ ഗതാഗതത്തിന് തുറന്ന് കൊടുക്കാണമെന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട്  അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ അമിത് സാഹ്നി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതനുസരിച്ച് പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ മധ്യസ്ഥറെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.