സുപ്രീംകോടതിയില്‍ സംഭവിച്ചത് ലജ്ജാകരമെന്ന് ദീപക് മിശ്ര
സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ചില മുതിര്‍ന്ന അഭിഭാഷകര്‍ മോശമായി പെരുമാറിയതിനെ നിശിതമായി വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്ന സംഭവങ്ങള്‍ അത്യന്തം ലജ്ജാകരമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ചില മുതിര്‍ന്ന അഭിഭാഷകര്‍ മോശമായി പെരുമാറിയതിനെ നിശിതമായി വിമര്‍ശിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്ന സംഭവങ്ങള്‍ അത്യന്തം ലജ്ജാകരമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാമജന്മഭൂമി - ബാബറി മസ്ജിദ് കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ എന്നിവര്‍ കോടതിയില്‍ ഒച്ചവെച്ച് സംസാരിക്കുകയും ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇന്നലെ കോടതിയില്‍ സംഭവിച്ചത് ലജ്ജാകരമാണ്. അതിന്റെ തലേദിവസം (ചൊവ്വാഴ്ച) നടന്നത് അത്യന്തം ലജ്ജാകരമായ കാര്യമാണ് - ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ കുറച്ച് മുതിര്‍ന്ന അഭിഭാഷകര്‍, അവര്‍ക്ക് കോടതിയില്‍ ശബ്ദമുയര്‍ത്താമെന്ന് ധരിച്ച് വെച്ചിരിക്കുകയാണ്. കോടതിയില്‍ ശബ്ദമുയര്‍ത്തുന്നത് ക്ഷമിക്കാനാകില്ല. ഒച്ചവെക്കുന്നത് നിങ്ങളുടെ പോരായ്മയും കഴിവില്ലായ്മയുമാണ് കാണിക്കുന്നത്- കോടതി പറഞ്ഞു.
പാഴ്സി കേസില്‍ ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയോട് കയര്‍ത്ത് സംസാരിച്ചതാണ് ചീഫ് ജസ്റ്റിസിനെ പ്രകോപിപ്പിച്ചത്. അഭിഭാഷക സംഘം സ്വയം നിയന്ത്രിക്കാന്‍ തയ്യാറായില്ലെങ്കില്‍ അത് നിയന്ത്രിക്കാന്‍ കോടതി നിര്‍ബന്ധിതരാകുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
പേരു പറയാതെയാണ് ചീഫ് ജസ്റ്റിസ് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ തിരിഞ്ഞത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമേ കേസ് പരിഗണിക്കാവൂ എന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡ്, ബാബറി മസ്ജിദ് കര്‍മ്മ സമിതി എന്നിവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരുടെ വാദം. ഇല്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസിനോട് എന്തുകൊണ്ടാണ് നിങ്ങള്‍ ഇല്ല, ഇല്ല എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് കപില്‍ സിബല്‍ ചോദിച്ചിരുന്നു.
പിന്നീട് അയോധ്യയിലെ പ്രതിഷ്ഠയെ പ്രതിനിധാനം ചെയ്ത് ഹാജരായ സി.എസ് വൈദ്യനാഥനോട് വാദം തുടങ്ങാന്‍ കോടതി ആവശ്യപ്പെട്ടപ്പോള്‍ ഇറങ്ങിപ്പോകുമെന്ന് ദുഷ്യന്ത് ദവെ അടക്കമുള്ളവര്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരേങ്ങേറിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്. കേസ് പിന്നീട് ഫെബ്രുവരി എട്ടിലേക്ക് മാറ്റി