പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ദോക് ലാം സന്ദര്‍ശിക്കും
കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സിക്കിം, അരുണാചൽപ്രദേശ് അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും. ഈ മാസം അവസാന ആഴ്ചയിലായിരിക്കും സന്ദര്‍ശനം.
ന്യൂഡൽഹി: കോൺഗ്രസ് എംപി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി സിക്കിം, അരുണാചൽപ്രദേശ് അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും. ഈ മാസം അവസാന ആഴ്ചയിലായിരിക്കും സന്ദര്‍ശനം.
ചൈനയുടെ സൈനികർ നുഴഞ്ഞുകയറിയ പ്രദേശം പാർലമെന്ററി സമിതി സന്ദർശിക്കും. 31 അംഗ സംഘത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ഉണ്ടാകും.
കഴിഞ്ഞവർഷം ജൂൺ 16ന് ഇന്ത്യ-ചൈന സൈനികർ മുഖാമുഖം വന്നതിനെത്തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താനാണു ഈ സന്ദർശനം. 73 ദിവസം നീണ്ടുനിന്ന സംഘർഷാന്തരീക്ഷം കെട്ടടങ്ങിയതിനുശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.
ദോക് ലാം ഭൂട്ടാന്റെയും ചൈനയുടെയും തർക്കപ്രദേശമാണ്. ഭൂട്ടാൻ ഇന്ത്യക്കൊപ്പം ഉറച്ചുനില്‍ക്കുന്നതായി അറിയിച്ചിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം പാർലമെന്ററി സമിതിയെ അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തുന്ന സമിതി അവിടെയുള്ള സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
ദോക് ലാമിലെ ചൈനീസ് നിർമാണപ്രവർത്തനങ്ങളെപ്പറ്റിയുള്ള രാഹുൽഗാന്ധിയുടെ ചോദ്യത്തിന്, ഇന്ത്യൻ അതിർത്തിയിൽ ഒരുതരത്തിലുള്ള നിർമാണവും ചൈന നടത്തിയിട്ടില്ലെന്നു വിദേശകാര്യമന്ത്രാലയം മറുപടി നല്‍കിയിട്ടുണ്ട്. ദോക് ലാമില്‍ റോഡ് നിർമ്മിക്കാനുള്ള ചൈനീസ് ശ്രമം ഇന്ത്യ തടസപ്പെടുത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മുൻഗാമിയും സ്ഥിതിഗതികൾ സംബന്ധിച്ച് നിരവധി തവണ കമ്മിറ്റിക്കു മുന്‍പാകെ വിശദീകരണം നല്‍കിയിരുന്നു.
ദോക് ലാം അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് ശേഷം ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും അനൗദ്യോഗിക കൂടിക്കാഴ്ച നടത്തിയിരുന്നു.