രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് വിരാമമിട്ട് ബിജെപി നേതാവ് ശിവ്‌രാജ് സിംഗ് ചൗഹാന്‍ ഇന്ന് മധ്യപ്രദേശ്‌ മുഖ്യമന്ത്രിയായി  സത്യപ്രതിജ്ഞ ചെയ്യു൦. രാത്രി ഒന്‍പത് മണിക്ക് രാജ് ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്യുക. ഭോപ്പാലില്‍ നടക്കുന്ന ബിജെപി യോഗത്തിന് ശേഷം നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്‍ടണ്‍ സത്യവാചകം ചൊല്ലികൊടുക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ഇതേക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ബിജെപി നടത്തിയിട്ടില്ല. മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്‌ കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജിവച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനായി സുപ്രീം കോടതി മുന്നണികള്‍ക്ക് സമയപരിധി നല്‍കിയിരുന്നു. ഇതാവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു കമല്‍നാഥിന്‍റെ രാജി. 


കേന്ദ്രമന്ത്രിയായ നരേന്ദ്ര സിംഗ് തോമർ, നരോട്ടം മിശ്ര എന്നിവരുടെ പേരുകള്‍ മുഖ്യമാന്ത്രി പദത്തിനായി ഉയര്‍ന്നുവന്നെങ്കിലും മൂന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന് തന്നെ വീണ്ടും നറുക്ക് വീഴുകയായിരുന്നു.


കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് 22 എംഎല്‍എമാരാണ് പാര്‍ട്ടിവിട്ടത്. ഇതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലാകുകയായിരുന്നു. 2018 ഡിസംബര്‍ മാസത്തിലാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്.